മുംബൈ: ദിവസവും മത്സ്യം കഴിച്ചാൽ ബോളിവുഡ് നടി ഐശ്വര്യ റായ്യൂടേതുപോലെ എല്ലാവരുടെയും കണ്ണുകൾ തിളക്കമുള്ളതായി മാറുമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി വിജയ്കുമാർ ഗവിത്. വടക്കൻ മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് സംസ്ഥാന ആദിവാസിക്ഷേമ വകുപ്പ് മന്ത്രി വിജയ്കുമാർ ഗവിത് പരാമർശം നടത്തിയത്.

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും പരാമർശം വിവാദങ്ങൾക്കിടയാക്കുകയും ചെയ്തു. 'ദിവസവും മത്സ്യം കഴിക്കുന്നവർക്ക് മിനുസമാർന്ന ചർമ്മം ഉണ്ടാകുകയും കണ്ണുകൾ തിളങ്ങുകയും ചെയ്യും. ആരെങ്കിലും നിങ്ങളെ നോക്കുകയാണെങ്കിൽ, ആ വ്യക്തി (നിങ്ങളിലേക്ക്) ആകർഷിക്കപ്പെടും. ഐശ്വര്യ റായ്യെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നോ?, അവർ മംഗളൂരുവിലെ കടൽതീരത്താണ് താമസിച്ചിരുന്നത്. അവർ ദിവസവും മീൻ കഴിക്കുമായിരുന്നു. അവരുടെ കണ്ണുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ.. നിങ്ങൾക്കുമുണ്ടാകും അതുപോലെയുള്ള കണ്ണുകൾ..' മന്ത്രി പറഞ്ഞു.

മീനുകളിൽ ചില എണ്ണ അടങ്ങയിട്ടുണ്ടെന്നും അത് ചർമ്മത്തെ മിനുസ്സപ്പെടുത്തുമെന്നും മന്ത്രിയുടെ മകളും ലോക്സഭാ അംഗവുമായ ഹീന ഗവിതും കൂട്ടിച്ചേർത്തു.