ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യം വിജയകരമാക്കിയ ഐഎസ്ആർഒയ്ക്കും ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ നിറയുകയാണ്. വിവിധ മേഖലകളിലെ പ്രമുഖർ ഐഎസ്ആർഒയ്ക്കും ശാസ്ത്രജ്ഞർക്കും അഭിനന്ദനം അർപ്പിച്ച് രംഗത്തെത്തി.

ചന്ദ്രയാൻ ദൗത്യം വിജയകരമാക്കിയതിലൂടെ ചരിത്രം രചിക്കുക മാത്രമല്ല, ഭൂമിശാസ്ത്രം തന്നെ മാറ്റിയിരിക്കുകയാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ ചെയ്തിരിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന നിമിഷമാണിത്. ഇന്ത്യക്കാർക്കെല്ലാം അഭിമാനമുണ്ട്. ഐഎസ്ആർഒയ്ക്കും ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി അറിയിച്ചു.

ഇന്ത്യയുടെ ബഹിരാകാശ യാത്ര പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യൻ കമ്പനികൾക്ക് ബഹിരാകാശത്തേക്കുള്ള പാത തുറന്നുനൽകുകയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. നമ്മൾ ചന്ദ്രനിലെത്തിയിരിക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു.

ചന്ദ്രയാൻ ദൗത്യവിജയം ഓരോ ഇന്ത്യക്കാരന്റേതുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. 6 ദശാബ്ദമായി നീളുന്ന ബഹിരാകാശ പദ്ധതിയുടെ വിജയത്തിനാണ് 140 കോടി ജനങ്ങൾ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാസ്ത്രസമൂഹത്തിന്റെ ദശാബ്ദങ്ങളായുള്ള കഠിനാധ്വാനമാണ് ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് സാധ്യമാക്കിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. 1962 മുതൽ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ യുവ സ്വപ്നങ്ങൾക്കും തലമുറകൾക്കും പ്രചോദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.