ന്യൂഡൽഹി: വർഷാവസാനം നിയമസഭാതിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിൽ കർണാടകയിലെ വിജയഫോർമുല പിന്തുടരാൻ കോൺഗ്രസ്. സാഗറിൽ പൊതുസമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പാർട്ടി അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന വാഗ്ദാനങ്ങൾ അക്കമിട്ടുനിരത്തി.

500 രൂപയ്ക്കു പാചകവാതകസിലിണ്ടർ, 100 യൂണിറ്റ് സൗജന്യവൈദ്യുതി, 100 200 യൂണിറ്റ് വൈദ്യുതിക്കു പകുതി നിരക്ക്, സ്ത്രീകൾക്കു പ്രതിമാസം 1500 രൂപ ധനസഹായം, കർഷകരുടെ കടം എഴുതിത്ത്തള്ളും, സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പുനഃസ്ഥാപിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണു നൽകിയത്.

ഈ വർഷം തിരഞ്ഞെടുപ്പു നടക്കുന്ന ഛത്തീസ്‌ഗഡ്, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിലും സമാന വാഗ്ദാനങ്ങൾ നൽകും. അധികാരത്തിലെത്തിയാൽ മധ്യപ്രദേശിൽ ജാതി സെൻസസ് നടപ്പാക്കുമെന്നും ഖർഗെ വ്യക്തമാക്കി. ഒബിസി വോട്ടുകൾ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയർ ചമ്പൽ മേഖലയിലടക്കം കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നു റിപ്പോർട്ടിലുണ്ട്.