മസ്‌കത്ത്: ചന്ദ്രയാൻ-3ന്റെ ദൗത്യവിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ഒമാൻ. ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തി ബഹിരാകാശ യാത്രയിൽ നാഴികക്കല്ല് പിന്നിട്ട ഇന്ത്യക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദി പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ കണ്ടെത്തലുകളും ശാസ്ത്രീയ മുന്നേറ്റങ്ങളും ദൗത്യ വിജയത്തിന് ചുവടുപിടിച്ച് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹിരാകാശ രംഗത്ത് ഇന്ത്യയും ഒമാനും സഹകരിച്ചു പ്രവർത്തിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് ചർച്ച നടന്നിരുന്നു. മാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സിൗദ് ബിൻ ഹമൂദ് അൽ മവാലിയുടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ 'ഇസ്രോ' ആസ്ഥാനത്തെ സന്ദർശനമാണ് കൂടിയാലോചനക്ക് വേദിയായത്.

സന്ദർശന വേളയിൽ ഒമാൻ സംഘം ഇന്ത്യൻ സാറ്റലൈറ്റ് കൺട്രോൾ ആൻഡ് മോണിറ്ററിങ് സെന്റർ സന്ദർശിക്കുകയും ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിനായി ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ക്യാപ്സ്യൂളിൽ നിന്ന് വേർപെടുത്തുന്ന ഘട്ടം നേരിട്ട് കാണുകയും ചെയ്തിരുന്നു. ഇസ്രോ ചെയർമാൻ എസ്. സോമനാഥൻ അടക്കം കേന്ദ്രത്തിലെ വിവിധ ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.