ഐസോൾ: മിസോറമിലെ സൈരാംഗിൽ നിർമ്മാണത്തിലിരുന്ന റെയിൽപാലം തകർന്നയിടത്തിൽ നിന്നും 21 തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ടുപേരെ കാണാനില്ല. സംഭവം നടക്കുമ്പോൾ 26 തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. മൂന്നു തൊഴിലാളികൾ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. 26 തൊഴിലാളികളും ബംഗാളിലെ മാൽഡ ജില്ലയിൽ നിന്നുള്ളവരാണ്.

തലസ്ഥാനമായ ഐസോളിൽ നിന്ന് 21 കിലോമീറ്റർ അകലെ ഭൈർബി-സൈരാംഗ് റെയിൽപാതയുടെ ജോലിക്കിടെ ഇന്നലെ രാവിലെ 10ന് ആയിരുന്നു അപകടം. കുരുംഗ് നദിയിലാണ് പാലം. പാലത്തിൽ ഘടിപ്പിച്ച ഇരുമ്പു ചട്ടക്കൂടു തകർന്നതാണു അപകടത്തിനു കാരണമെന്നാണു റെയിൽവേ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.

മൃതദേഹങ്ങൾ ബംഗാളിലേക്കു കൊണ്ടുവരാനുള്ള നടപടികൾ ക്രമീകരിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ദുരന്തത്തിൽ അകപ്പെട്ടവരുടെ ബന്ധുക്കളെ അധീർ രജ്ഞൻ ചൗധരി സന്ദർശിക്കുകയും സഹായം ഉറപ്പുനൽകുകയും ചെയ്തു.