ന്യൂഡൽഹി: ചന്ദ്രയാൻ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ആശയമാണെന്ന്  കേന്ദ്രമന്ത്രി അർജുൻ രാം മേഘ്വാൾ. ചന്ദ്രയാൻ-3 ന്റെ വിജയം ഐ.എസ്.ആർ.ഒ. സ്ഥാപിച്ചവർക്ക് അവകാശപ്പെട്ടതാണെന്നും അർജുൻ രാം മേഘ്വാൾ പറഞ്ഞു. ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയതിന് പിന്നാലെ വിജയത്തിന് പിന്നിൽ തങ്ങളാണെന്ന് കോൺഗ്രസും ബിജെപിയും അവകാശ വാഗ്വാദം മുറുക്കുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ഐ.എസ്.ആർ.ഓ. സ്ഥാപിച്ചതാരാണോ അവർക്കാണ് ചന്ദ്രയാന്റെ വിജയം അവകാശപ്പെട്ടത്. അവരോട് ഞാൻ നന്ദിയറിയിക്കുന്നു. പക്ഷേ ചന്ദ്രയാൻ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ആശയമാണ്. 1999-ൽ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ചാന്ദ്രദൗത്യത്തിന് അനുമതി നൽകുന്നത്. ചന്ദ്രനെ പഠിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവണമെന്ന് ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടതും ദൗത്യത്തിന്റെ പേര് സോമയാനിൽ നിന്ന് ചന്ദ്രയാൻ എന്നാക്കി മാറ്റിയതും വാജ്പേയിയാണ്. അങ്ങനെയുള്ളപ്പോൾ ചന്ദ്രയാന്റെ വിജയം അദ്ദേഹത്തിന് അവകാശപ്പെട്ടതല്ലേ- അദ്ദേഹം ചോദിച്ചു.

ജവാഹർലാൽ നെഹ്റുവാണ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന് അടിത്തറ പാകിയതെന്നും അദ്ദേഹത്തിന്റെ പ്രയത്നത്തിന്റെ ഫലമാണ് ചന്ദ്രയാന്റെ വിജയമെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.