ലഖ്നൗ: ആടുകൾ വീട്ടുവളപ്പിനകത്ത് കയറി സാധനങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് 31-കാരന്റെ ജനനേന്ദ്രിയത്തിൽ കടിച്ച് പരിക്കേൽപ്പിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ റോജ സ്വദേശിയായ 31-കാരനെയാണ് അയൽക്കാരനായ ഗംഗാറാം സിങ്(28) ആക്രമിച്ചത്. സ്വകാര്യഭാഗത്ത് കടിയേറ്റ് ബോധരഹിതനായ 31-കാരനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടു പേരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാളുടെ ആടുകൾ ഗംഗാറാമിന്റെ വീട്ടുവളപ്പിൽ കയറി നാശനഷ്ടമുണ്ടാക്കിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ ഗംഗാറാം അയൽക്കാരനെ നിലത്തേക്ക് തള്ളിയിടുകയും ജനനേന്ദ്രിയത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ 31-കാരൻ ബോധരഹിതനായി. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പരിക്കേറ്റ ഭാഗത്ത് നാല് തുന്നിക്കെട്ടുണ്ട്.

സംഭവത്തിൽ ആദ്യം പൊലീസ് കേസെടുക്കാൻ മടിച്ചെന്നാണ് 31-കാരന്റെ ആരോപണം. പൊലീസിനെ സമീപിച്ചപ്പോൾ ആദ്യം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് അസഹനീയമായ വേദനയാണുള്ളത്. ഈ പരിക്ക് കാരണം സാധാരണ വൈവാഹികജീവിതം
നയിക്കാനാവുമോയെന്ന കാര്യത്തിൽ ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിയായ ഗംഗാറാമിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായി റോജ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അമിത് പാണ്ഡെ പറഞ്ഞു.

പരിക്കേറ്റയാൾക്ക് ആശുപത്രിയിൽ മതിയായ ചികിത്സ നൽകിയിട്ടുണ്ട്. ആക്രമണത്തിൽ പുറത്തുമാത്രമാണ് പരിക്കുള്ളതെന്നും ഞരമ്പുകൾക്ക് പരിക്കില്ലെന്നുമാണ് ഡോക്ടർ അറിയിച്ചത്. അതിനാൽ പരിക്ക് ഭേദമായാൽ പരാതിക്കാരന് സാധാരണജീവിതം നയിക്കാനാകുമെന്നും അതിൽ ആശങ്ക വേണ്ടെന്നും എസ്.എച്ച്.ഒ. പറഞ്ഞു. സംഭവത്തിൽ പ്രതി ഗംഗാറാമിനെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.