ഹൈദരാബാദ്: അദ്ധ്യാപകർ ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് ആന്ധ്രപ്രദേശ് സർക്കാർ. ക്ലാസ് മുറിക്കുള്ളിൽ അദ്ധ്യാപകർ സെൽ ഫോൺ ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ശ്രദ്ധ തിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അദ്ധ്യാപകർ എപ്പോഴും ഉപയോഗിച്ചില്ലെങ്കിലും ക്ലാസിനുള്ളിൽ ഫോണുമായി വരുമ്പോൾ കുട്ടികൾക്ക് ശ്രദ്ധയോടെ ക്ലാസിലിരിക്കാൻ കഴിയില്ലെന്ന യുനെസ്‌കോയുടെ 2023ലെ ഗ്ലോബൽ എജ്യുക്കേഷണൽ മോണിറ്ററിങ് റിപ്പോർട്ട് ഉദ്ധരിച്ചാണ് സർക്കാർ തീരുമാനം.

ഈ മാസം ആദ്യം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബോച്ച സത്യനാരായണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അദ്ധ്യാപകരുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ധാരണയായത്. അദ്ധ്യാപകർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പല അദ്ധ്യാപകരും ക്ലാസ് മുറികളിൽ മൊബൈൽ ഫോണുകൾ എടുക്കുന്നത് അവരുടെ വ്യക്തിപരമായ ആവശ്യത്തിനാണെന്നും പ്രൊഫഷണൽ ആവശ്യത്തിനല്ലെന്നും ആന്ധ്ര സർക്കാർ ചൂണ്ടിക്കാട്ടി. ഇതോടെ ക്ലാസ്‌റൂമിലെ അദ്ധ്യാപന സമയം കുട്ടികളുടെ പുരോഗതിക്കു വേണ്ടില്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

അദ്ധ്യാപകർ സ്‌കൂളിലെത്തി ഉടൻ തന്നെ ഫോൺ സൈലന്റ് മോദിലാക്കണം. ക്ലാസ് മുറിയിൽ ഫോൺ ഉപയോഗിച്ചാൽ ശിക്ഷയുണ്ട്. ആദ്യത്തെ തവണയാണെങ്കിൽ ഹെഡ്‌മാസ്റ്ററോ ഇൻസ്‌പെക്ഷൻ ഓഫീസറോ ഫോൺ പിടിച്ചെടുത്ത് ആ ദിവസത്തെ സ്‌കൂൾ സമയം അവസാനിക്കുന്നതുവരെ ഓഫീസിൽ സൂക്ഷിക്കണം. കുറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ മാത്രമേ അദ്ധ്യാപകന് ഫോൺ തിരികെ ലഭിക്കൂ. രണ്ടാം തവണയും ഫോൺ ഉപയോഗിച്ചാൽ വിദ്യാഭ്യാസ ഓഫീസറെ (എംഇഒ) അറിയിക്കണം. വീണ്ടുമൊരു തവണ കൂടി മുന്നറിയിപ്പ് നൽകി ഫോൺ തിരികെ നൽകും.

മൂന്നാം തവണയും അദ്ധ്യാപകൻ മൊബൈൽ ഫോൺ പോളിസി ലംഘിച്ചാൽ ഫോൺ പിടിച്ചെടുത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് (ഡിഇഒ) അയയ്ക്കും. സർവീസ് ബുക്കിൽ നിയമലംഘനം രേഖപ്പെടുത്തിയ ശേഷം മാത്രമേ അദ്ധ്യാപകന് ഫോൺ തിരികെ നൽകൂ. അദ്ധ്യാപകർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആന്ധ്ര സർക്കാർ പ്രധാനാധ്യാപകരോട് ആവശ്യപ്പെട്ടു.