ന്യൂഡൽഹി: അവിഭക്ത ആന്ധ്രാ പ്രദേശിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രാ, തെലങ്കാന രാഷ്ട്രീയത്തിൽ സ്വാധീനമുള്ളയാളുമായ വൈ.എസ്. ഷർമിള കോൺഗ്രസിലേക്ക്. വൈ എസ് ശർമിളയുടെ വൈഎസ്ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ശർമിള കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഭർത്താവ് അനിലിനൊപ്പമാണ് ഷർമിള ഡൽഹിയിലെത്തിയത്. വൈഎസ്ആർടിപിയുടെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് നേരത്തെ മുതൽ അഭ്യൂഹങ്ങൾ ഉണ്ട്.

ഷർമിള കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു സോണിയഗാന്ധിയുമായി കൂടിക്കാഴ്ച നടന്നത്. വ്യാഴാഴ്ച രാവിലെ സോണിയയുടെ , 10, ജൻപഥ് വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള ചർച്ച 30 മിനിറ്റു നീണ്ടുനിന്നു. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ചു പ്രതികരിക്കാൻ കോൺഗ്രസ് വിസമ്മതിച്ചു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹാദരിയാണ് ഷർമിള. വൈഎസ്ആർ തെലങ്കാന പാർട്ടി 2021 ജൂലൈയിൽ രൂപീകരിച്ച അവർ പാർട്ടിയുമായി കോൺഗ്രസിൽ ലയിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന തെലങ്കാനയിൽ ഷർമിളയുടെ പാർട്ടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സഹോദരൻ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുമായി സ്വരചേർച്ചയില്ലല്ല ഷർമിളയെന്നാണു റിപ്പോർട്ടുകൾ. 2014ൽ തെലങ്കാന രൂപീകൃതമായതിനുശേഷം കോൺഗ്രസിനു ഇവിടെ സർക്കാർ രൂപീകരിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനത്തു വിജയമുറപ്പിക്കാനുള്ള എല്ലാ വഴികളും കോൺഗ്രസ് തേടുകയാണ്.

കോൺഗ്രസ് ലയനം സാധ്യമായാൽ ശർമിള ആന്ധ്രാപ്രദേശിൽ പാർട്ടി ചുമതലകൾ ഏറ്റെടുക്കുമെന്നാണ് സൂചന. എന്നാൽ ആന്ധ്രപ്രദേശിൽ തന്റെ സഹോദരനെതിരെ പ്രവർത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ ശർമിള തെലങ്കാനയിൽ തുടർന്നേക്കും.

ശർമിളയിലൂടെ തെലങ്കാനയിൽ സ്ഥിതി മെച്ചപ്പെടുത്തുകയാണ് കോൺഗ്രസ് ലക്ഷ്യം. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിക്ക് എതിർപ്പുണ്ട്. ആന്ധ്ര സ്വദേശിയായ ഷമിള തെലങ്കാന കോൺഗ്രസിലേക്ക് വരുന്നതിലെ എതിർപ്പ് രേവന്ത് റെഡ്ഡി ഇതിനകം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഈ അഭിപ്രായം അത്രപെട്ടെന്ന് തള്ളാനും ഹൈക്കമാൻഡിനാകില്ല. ഈ വർഷം അവസാനം തിരഞ്ഞെടുപ്പിനൊരുങ്ങുന്ന തെലങ്കാനയിൽ രേവന്ത് റെഡ്ഡിയെ പിണക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാവും.

കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവും ചേർന്നാണ് ഷർമ്മിളയെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കം നടത്തിയത്. ജഗൻ മോഹൻ റെഡ്ഡിയുമായുള്ള അഭിപ്രായ ഭിന്നതകൾക്ക് പിന്നാലെയാണ് ശർമിള പ്രവർത്തനം തെലങ്കാനയിലേക്ക് മാറ്റിയത്.