- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഭരണം മാറുന്നതിന് അനുസരിച്ച് അന്വേഷണ ഏജൻസി നിറം മാറുന്നു; തമിഴ്‌നാട് വിജിലൻസിന് 'ഓന്തിന്റെ സ്വഭാവം'; രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഭരണം മാറുന്നതിന് അനുസരിച്ച് അന്വേഷണ ഏജൻസി നിറം മാറുകയാണെന്നും തമിഴ്‌നാട് വിജിലൻസിന് 'ഓന്തിന്റെ സ്വഭാവമെന്നും' വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ഡിഎംകെ മന്ത്രിമാരുൾപ്പെട്ട കേസുകളിൽ പുനപരിശോധനക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനെയും കോടതി വിമർശിച്ചു. ഇത്തരം അട്ടിമറി ശ്രമങ്ങളുടെ തുടക്കമാണ് ഒപിഎസ് കേസിൽ കണ്ടതെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. തമിഴ്‌നാട്ടിലെ എംപിമാരേയും എംഎൽഎമാരേയും കുറ്റവിമുക്തരാക്കിയ കൂടുതൽ കേസുകളിൽ പുനപരിശോധന സാധ്യത കോടതി പരിഗണിക്കുന്നുണ്ട്.
''മന്ത്രിമാരെ കേസുകളിൽ നിന്ന് രക്ഷിക്കാൻ വിജിലൻസിന് പ്രത്യേക പദ്ധതിയുണ്ട്. വിജിലൻസിന് ഓന്തിന്റെ സ്വഭാവമാണ്. ഭരണം മാറുന്നതിന് അനുസരിച്ച് അവർ നിറം മാറുകയാണ്. പ്രത്യേക കോടതികളെ ഉപയോഗിച്ചുള്ള അട്ടിമറി തുടങ്ങിയത് ഒപിഎസ് കേസിലാണ്. എംപിമാർക്കും എംഎൽഎമാർക്കും വ്യത്യസ്ഥ നിയമം എന്നത് അനുവദിക്കാനാകില്ല. ഇത് തൊലിപ്പുറത്തെ ചെറിയ കുരുവാണോ അതോ അർബുദമായി പടർന്നിട്ടുണ്ടോയെന്നത് കോടതി കണ്ടെത്തും. നീതിന്യായ വ്യവസ്ഥയെ പരാജയപ്പെടുത്തുന്നത് ഹൈക്കോടതിക്ക് കണ്ണുകെട്ടി നോക്കിയിരിക്കാനാകില്ല. എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട നിരവധി കേസുകളിൽ പരാതി ലഭിക്കുന്നുണ്ട്. മന്ത്രിമാരെയും എംഎൽഎമാരെയും കുറ്റവിമുക്തരാക്കിയ എല്ലാകേസുകളും പരിശോധിക്കുകയാണ്. ഏതിലെല്ലാം ചട്ടലംഘനമുണ്ടായോ അതിലെല്ലാം പുനപരിശോധനയുണ്ടാകും.'' ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുന്മുഖ്യമന്ത്രി ഒ.പനീർ സെൽവത്തെ വെറുതെവിട്ട ഉത്തരവ് പുനപരിശോധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അനധികൃത സ്വത്തു സമ്പാദന കേസിലായിരുന്നു സ്വമേധയാ റിവിഷൻ നടപടിക്കുള്ള ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷിന്റെ അസാധാരണനീക്കം. ഒപിഎസിനെ വെറുതെ വിട്ട 2012ലെ ശിവഗംഗ സിജെഎം കോടതി ഉത്തരവാണ് പുനപരിശോധിക്കുന്നത്. ഇതിൽ വിജിലൻസിനും ഒപിഎസിനും കോടതി നോട്ടീസ് അയച്ചു. മൂന്ന് ഡിഎംകെ മന്ത്രിമാർ ഉൾപ്പെട്ട മറ്റൊരു കേസിൽ റിവിഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ നടപടി.




