പട്‌ന: ഹാജിപുർ ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പശുപതി പാരസുമായുള്ള തർക്കം ബിജെപി നേതൃത്വം ഇടപെട്ടു പരിഹരിക്കുമെന്നു ചിരാഗ് പസ്വാൻ. ഇക്കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ചിരാഗ് പസ്വാൻ വെളിപ്പെടുത്തി.

ആർഎൽജെപി നേതാവ് പശുപതി പാരസിന്റെ സിറ്റിങ് സീറ്റായ ഹാജിപുർ മണ്ഡലത്തിനു മേൽ എൽജെപി (റാം വിലാസ്) നേതാവ് ചിരാഗ് പസ്വാൻ അവകാശവാദം ഉന്നയിച്ചത് എൻഡിഎയിൽ ഭിന്നതയ്ക്കിടയാക്കിയിട്ടുണ്ട്.

പിതാവ് റാം വിലാസ് പസ്വാന്റെ സ്ഥിരം മണ്ഡലമായിരുന്ന ഹാജിപുരിൽ മാതാവ് റീന പസ്വാൻ മത്സരിക്കണമെന്നാണു ചിരാഗ് പസ്വാന്റെ നിലപാട്. എന്നാൽ സഹോദരനായ റാം വിലാസ് പസ്വാന്റെ യഥാർഥ രാഷ്ട്രീയ പിൻഗാമിയായ താൻ ഹാജിപുർ മണ്ഡലം വിട്ടു കൊടുക്കില്ലെന്നു പശുപതി പാരസും വ്യക്തമാക്കി. ഹാജിപുർ ലോക്‌സഭാ സീറ്റിനു പകരമായി രാജ്യസഭാ സീറ്റ് നൽകി ഇരുകക്ഷികൾക്കിടയിലുള്ള തർക്കം പരിഹരിക്കാനാണ് ബിജെപി ആലോചിക്കുന്നത്.