ബെംഗളൂരു: ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി കർണാടക ഹൈക്കോടതി. ഹാസൻ മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാ എംപിയായ പ്രജ്വൽ, ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയുടെ ചെറുമകനാണ്. ജെഡിഎസ് പാർട്ടിയുടെ ഏക എംപിയുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് എംപിയെ അയോഗ്യനാക്കുന്നത്.

ഹാസൻ മണ്ഡലത്തിലെ വോട്ടറായ ജി.ദേവരാജെ ഗൗഡയുടെയും 2019ലെ തിരഞ്ഞെടുപ്പിൽ പ്രജ്വലിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപി നേതാവ് എ.മഞ്ജുവും നൽകിയ ഹർജികൾ ഭാഗികമായി അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. പ്രജ്വൽ രേവണ്ണയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനു ജസ്റ്റിസ് കെ.നടരാജൻ നിർദ്ദേശം നൽകി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രജ്വലിനെതിരെ ബിജെപി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ട മഞ്ജു, പിന്നീട് ജെഡിഎസിൽ ചേർന്ന് നിലവിൽ എംഎൽഎയാണ്. പ്രജ്വൽ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്നും സ്വത്തുവിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനിൽ വെളിപ്പെടുത്തിയില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.

എന്നാൽ മഞ്ജുവിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മഞ്ജുവിനെതിരെയും അഴിമതി ആരോപണങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എംഎൽഎയും മുൻ മന്ത്രിയുമായ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണ, എംഎൽസിയായ സഹോദരൻ സൂരജ് രേവണ്ണ എന്നിവർക്കെതിരെയും തിരഞ്ഞെടുപ്പ് ക്രമക്കേടിൽ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിർദേശിച്ചു.

പ്രജ്വൽ നടത്തിയ ക്രമക്കേടുകളുടെയും വെളിപ്പെടുത്താത്ത സ്വത്തിന്റെ വിവരങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചെന്നാംബിക കൺവെൻഷൻ സെന്ററിന് അഞ്ച് കോടി രൂപയെങ്കിലും വിലമതിക്കുമെങ്കിലും 14 ലക്ഷം രൂപ മാത്രമാണ് പ്രജ്വൽ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്. പ്രജ്വലിന്റെ അക്കൗണ്ടിൽ 48 ലക്ഷം രൂപ ബാലൻസുണ്ടെന്നും എന്നാൽ 5 ലക്ഷം രൂപയുണ്ടെന്നാണ് സമർപ്പിച്ച രേഖകളിൽ ഉള്ളതെന്നും ഹർജിയിൽ പറയുന്നു. പ്രജ്വലിന്റെ ബെനാമികളുടെ പേരിൽ നിരവധി സ്വത്തുക്കൾ ഉണ്ടെന്നും ആദായ നികുതി തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്.