തിരുപ്പതി: സൂര്യനെ കുറിച്ച് പഠിക്കാനായുള്ള ഐ.എസ്.ആർ.ഒയുടെ ആദ്യ ബഹിരാകാശ ദൗത്യം ആദിത്യ എൽ- വൺ നാളെ വിക്ഷേപിക്കാനിരിക്കെ ആന്ധ്രയിലെ തിരുപ്പതി ക്ഷേത്ര സന്ദർശനം നടത്തി ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥ്. തിരുപ്പതിയിലെ ചെങ്ങളമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് വെള്ളിയാഴ്ച രാവിലെ 7.30ഓടെ സോമനാഥ് എത്തി പ്രാർത്ഥിച്ചത്.

ശനിയാഴ്ച രാവിലെ 11.50നാണ് പി.എസ്.എൽ.വി- സി 57 റോക്കറ്റിൽ ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് റോക്കറ്റ് കുതിക്കുക. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ആദ്യ ലഗ്രേഞ്ച് പോയന്റിലെ ഹാലോ ഭ്രമണപഥത്തിലേക്കാണ് ആദിത്യയെ എത്തിക്കുക.

സൂര്യന്റെ ചൂടുള്ള ബാഹ്യ അന്തരീക്ഷമായ കൊറോണയെയും ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നീ പാളികളെയും നിരീക്ഷിക്കാനായി ഏഴ് പരീക്ഷണ ഉപകരണങ്ങൾ ഘടിപ്പിച്ച, 1500 കിലോ ഭാരമുള്ള പേടകം 127 ദിവസം സഞ്ചരിച്ചാണ് ഹാലോ ഭ്രമണപഥത്തിലെത്തുക.