ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനത്തിലൂടെ രാജ്യത്തിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വിമർശിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഒരു രാജ്യം, ഒരു മതം' തുടങ്ങിയവയെല്ലാം അനാവശ്യ ചർച്ചകളാണെന്നും തേജസ്വി പറഞ്ഞു.

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' കഴിഞ്ഞാൽ, ബിജെപി 'ഒരു രാജ്യം, ഒരു പാർട്ടി' എന്നു പറഞ്ഞ് അവർ വീണ്ടും വരുമെന്നും തേജസ്വി മുന്നറിയിപ്പു നൽകി.

''ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്നതിനു മുൻപ്, ഒരു രാജ്യം, ഒരു വരുമാന നയം' എന്നൊരു സംവിധാനം ഉണ്ടാക്കണം. ആദ്യം, സാമ്പത്തിക നീതി നടപ്പാക്കുക. ബിജെപി രാജ്യത്തിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. ഇതുകഴിഞ്ഞ് 'ഒരു രാജ്യം, ഒരു നേതാവ്', 'ഒരു രാജ്യം, ഒരു പാർട്ടി' എന്നൊക്കെ അവർ പറയും. ഏതു വഴിയിലൂടെയാണ് അവർ പോകുന്നത്? 'ഒരു രാജ്യം, ഒരു മതം' തുടങ്ങി ഇവയെല്ലാം അനാവശ്യ ചർച്ചകളാണ്'' തേജസ്വി യാദവ് ചൂണ്ടിക്കാട്ടി.

പൊതു, സംസ്ഥാന തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുകയെന്ന നിർദ്ദേശം നടപ്പാക്കുന്നതിനുള്ള മാർഗങ്ങൾ പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാർ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.