മുംബൈ: ഏഷ്യാകപ്പിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ബോളിവുഡ് നടി ഉർവശി റൗട്ടേലയ്‌ക്കെതിരെ ആരാധകരുടെ പരിഹാസം.

പാക്കിസ്ഥാൻ പേസർ നസീം ഷായുടേയും പാക്ക് താരങ്ങളുടെയും ചിത്രമാണ് ഉർവശി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നേരത്തേ ദുബായിൽവച്ച് ഇന്ത്യ പാക്കിസ്ഥാൻ മത്സരം നടന്നപ്പോൾ കളി കാണാൻ ബോളിവുഡ് നടി സ്റ്റേഡിയത്തിലെത്തിയിരുന്നു.

മത്സരത്തിനു ശേഷം ഉർവശിയെയും നസീം ഷായെയും ടിവിയിൽ കാണിച്ചതിന്റെ ദൃശ്യങ്ങൾ നടി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഉർവശി രഹസ്യമായി പാക്കിസ്ഥാൻ ടീമിനെ പിന്തുണയ്ക്കുന്നെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. ഋഷഭ് പന്തിനെ ഉർവശിയിൽനിന്നു രക്ഷിക്കാൻ, ശുഭ്മൻ ഗിൽ നസീം ഷായോടു ബഹുമാനത്തോടെയാണു പെരുമാറുന്നതെന്നാണു മറ്റൊരു ആരാധകന്റെ കണ്ടെത്തൽ.

ഏഷ്യാ കപ്പിൽ ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടത്തിനു തൊട്ടുമുൻപായിരുന്നു ഉർവശി ഇൻസ്റ്റഗ്രാം സ്റ്റാറ്റസുമായെത്തിയത്. നടിക്കെതിരെ രൂക്ഷ വിമർശനമാണ് ഇന്ത്യൻ ആരാധകർ ഉന്നയിക്കുന്നത്. ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ 238 റൺസിനു നേപ്പാളിനെ തോൽപിച്ചിരുന്നു.