ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പു' വിഷയം പഠിക്കാൻ എട്ടംഗ സമിതി രൂപീകരിച്ചു കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സമിതിയുടെ അധ്യക്ഷനാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരടക്കമാണ് സമിതി അംഗങ്ങൾ.

മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആയിരുന്ന എൻ.കെ സിങ്, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുബാഷ് കശ്യപ്, സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‌വാൾ പ്രത്യേക ക്ഷണിതാവായിരിക്കും. കേന്ദ്ര നിയമ സെക്രട്ടറി നിതേൻ ചന്ദ്ര ആണ് സമിതിയുടെ സെക്രട്ടറി. കേന്ദ്ര സർക്കാർ പാർലമെന്റ് സമ്മേളനം വിളിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് പഠിക്കുന്നതിനായി സമിതിയെ നിയോഗിക്കുന്നത്. സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്നാണു സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താൻ ഉദ്ദേശിക്കുന്നതാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബിൽ. ഈ ആശയം മുൻപും പലതവണ ഉന്നയിക്കപ്പെട്ടിരുന്നു. നിലവിൽ, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതത് സഭകളുടെ കാലാവധിയുടെ അവസാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

സമിതിയുടെ പരിഗണന വിഷയങ്ങൾ

1. ലോക്സഭയിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും (മുൻസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ) ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തേണ്ട ഭേദഗതികൾ സംബന്ധിച്ച പരിശോധന.

2. ഭരണഘടനാ ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണോ എന്നതിലുള്ള പരിശോധന.

3. തൂക്ക് സഭ, കാലാവധി പൂർത്തിയാകാതെ അവിശ്വാസ പ്രമേയത്തത്തിലൂടെ സഭ പിരിച്ചുവിടൽ എന്നീ സാഹചര്യങ്ങളിൽ എന്തുചെയ്യണം എന്നതിനേക്കുറിച്ചുള്ള പരിശോധന.

4. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള രൂപരേഖയും സമയക്രമവും തയ്യാറാക്കൽ. എത്ര ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണം എന്നതിനേക്കുറിച്ചുള്ള ശുപാർശ തയ്യാറാക്കൽ.

5. മുടക്കമുണ്ടാകാതെ തുടർച്ചയായി ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശ തയ്യാറാക്കൽ.

6. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നിന് ആവശ്യമായ ഇ.വി എം, വി.വി പാറ്റ് തുടങ്ങി സാങ്കേതിക-മാനുഷിക വിഭവങ്ങൾ അടക്കമുള്ള സൗകര്യങ്ങളേക്കുറിച്ചുള്ള പരിശോധന.

7. ഒരുമിച്ച് നടക്കുന്ന തിരഞ്ഞെടുപ്പിന് ഒറ്റ വോട്ടർ പട്ടികയും തിരിച്ചറിയൽ കാർഡും ഉപയോഗിക്കുന്നതിനുള്ള സാധ്യതയേക്കുറിച്ചുള്ള പരിശോധന.