പട്‌ന: പ്രതിപക്ഷ ഐക്യം കണ്ടു ബിജെപി അങ്കലാപ്പിലാണെന്നും 'ഇന്ത്യ' മുന്നണിയെ ബിജെപി ഭയപ്പെടുന്നുണ്ടെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ മുന്നണിയിൽ സീറ്റു വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വൈകാതെ തീരുമാനമുണ്ടാകും. ഗാന്ധി ജയന്തി ദിനത്തിൽ 'ഇന്ത്യ' മുന്നണി രാജ്യവ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.

അടിയന്തരമായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടാനുള്ള തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പു നേരത്തേയാക്കുമെന്ന അഭ്യൂഹങ്ങൾ ശരിവയ്ക്കുന്നതാണെന്നും നിതീഷ് കുമാർ പറഞ്ഞു. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വിഷയത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശം കിട്ടിയ ശേഷം പ്രതിപക്ഷം ചർച്ച ചെയ്യും. പത്തു വർഷത്തിലൊരിക്കൽ നടത്തേണ്ട സെൻസസ് പോലും കൃത്യമായി നടത്താൻ സാധിക്കാത്ത സർക്കാരാണു കേന്ദ്രത്തിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.