നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ വീട്ടുജോലിക്ക് സഹായിയായി എത്തിച്ച 12 വയസ്സുകാരിയോട് കൊടുംക്രൂരത. വീട്ടുടമസ്ഥർ പെൺകുട്ടിയെ നാലുദിവസം ഇരുട്ടുനിറഞ്ഞ മുറിയിൽ പൂട്ടിയിടുകയും മർദിക്കുകയും സിഗരറ്റുകൊണ്ട് ശരീരം പൊള്ളിക്കുകയും ചെയ്തതായാണ് പരാതി. പെൺകുട്ടിയെ ദേഹമാസകലം മുറിവേൽപ്പിക്കുകയും ചെയ്തു. നാഗ്പുരിലെ അഥർവ നഗരി സൊസൈറ്റിയിലാണ് സംഭവം.

ബെംഗളൂരു സ്വദേശിനിയായ പന്ത്രണ്ടുകാരിയെ വീട്ടുജോലികളിൽ സഹായത്തിനായി നാഗ്പുരിലെത്തിച്ചതായിരുന്നു കുടുംബം. വീട്ടുകാർ പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ബെംഗളൂരുവിലേക്ക് പോയി. ഇതിനിടെ ഇലക്ട്രിസിറ്റി വിഭാഗക്കാർ എത്തി വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു. ഉടമകൾ കറണ്ട് ബില്ലടയ്ക്കാത്തതായിരുന്നു കാരണം.

ഇതോടെ ഇരുട്ടിൽ തനിച്ചായ പെൺകുട്ടി സഹായം തേടിക്കരയുന്നതും, ജനൽ വഴി പുറത്തുകടക്കാൻ ശ്രമിക്കുന്നതും അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയശേഷം ഭക്ഷണവും വെള്ളവും നൽകി. പിന്നീട് പൊലീസിനെ വിവരമറിയിച്ചു. നാലുദിവസം ബ്രെഡ് മാത്രം കഴിച്ചാണ് പെൺകുട്ടി ഒറ്റയ്ക്ക് വീട്ടിൽ അതിജീവിച്ചത്.

കുട്ടിയെ തൊഴിലുടമകൾ അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു. സിഗരറ്റുപയോഗിച്ചും പാത്രം ചൂടാക്കിയും ദേഹമാസകലം പൊള്ളിച്ചു. സ്വകാര്യഭാഗങ്ങളിൽ വരെ മുറിവുകളേൽപ്പിച്ചിട്ടുണ്ട്. ജോലിയിൽ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് വീട്ടുകാർ ക്രൂരപീഡനങ്ങൾക്ക് ഇരയാക്കിയിരുന്നതെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.

മികച്ച വിദ്യാഭ്യാസവും പരിചരണവും നൽകാമെന്ന് രക്ഷിതാക്കളോട് വാഗ്ദാനം ചെയ്താണ് കുട്ടിയെ നാഗ്പുരിലേക്ക് കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദമായ വൈദ്യപരിശോധനയ്ക്ക് കുട്ടിയെ വിധേയമാക്കും. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.