ബെംഗളുരു: ക്ലാസിൽ ബഹളമുണ്ടാക്കിയതിന് പാക്കിസ്ഥാനിലേക്ക് പോകാൻ അദ്ധ്യാപിക വിദ്യാർത്ഥികളോട് പറഞ്ഞെന്ന പരാതിയിൽ അന്വേഷണം. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ബി നാഗരാജ് പറഞ്ഞെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

മഞ്ജുള ദേവി എന്ന കന്നട അദ്ധ്യാപികക്കെതിരെയാണ് പരാതി. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾ ക്ലാസ്സിൽ ബഹളമുണ്ടാക്കി. ഇതോടെ അദ്ധ്യാപിക രോഷാകുലയായി. 'ഇത് നിങ്ങളുടെ രാജ്യമല്ല, പാക്കിസ്ഥാനിൽ പോകൂ' എന്ന് അദ്ധ്യാപിക വിദ്യാർത്ഥികളോട് പറഞ്ഞെന്നാണ് പരാതി.

26 വർഷത്തെ പ്രവർത്തന പരിചയമുള്ള മഞ്ജുള ദേവി, കഴിഞ്ഞ എട്ട് വർഷമായി ശിവമോഗയിലെ സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപികയെ സ്ഥലം മാറ്റിയെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ബി നാഗരാജ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെട്ടു- 'കുട്ടികൾ ഈ സംഭവം പറഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് (ഡിഡിപിഐ) പരാതി നൽകി. അദ്ധ്യാപികക്കെതിരെ വകുപ്പ് നടപടിയെടുക്കുകയും ചെയ്തു'- ജനതാദൾ എസ് ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡന്റ് എ നസറുല്ല പറഞ്ഞു.