ലാഹോർ: ഇന്ത്യൻ ക്രിക്കറ്റ് സംഘടനയായ ബി.സി.സിഐയുടെ പ്രസിഡന്റ് റോജർ ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും പാക്കിസ്ഥാനിലെത്തി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായാണ് ഇരുവരെയും പാക്കിസ്ഥാനിലേക്ക് ക്ഷണം ലഭിച്ചത്. രണ്ട് ദിവസത്തേക്കാണ് ഇരുവരും പാക്കിസ്ഥാനിലെത്തിയത്. സന്ദർശനത്തിന് രാഷ്ട്രീയബന്ധമില്ലെന്ന് രാജീവ് ശുക്ല അറിയിച്ചു.

ഏഷ്യാകപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും പാക്കിസ്ഥാനിലെത്തിയത്. ഇരുവരും ചൊവ്വാഴ്ച പാക്കിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഏഷ്യാകപ്പിലെ ശ്രീലങ്ക-അഫ്ഗാനിസ്താൻ മത്സരം വീക്ഷിക്കും.

ഇന്ത്യയെക്കൂടാതെ അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കും.

' ഈ യാത്രയ്ക്ക് രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ല. ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ പാക്കിസ്ഥാനിലേക്ക് പോകുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് ടീമുകളിലെ പ്രതിനിധികൾ അവിടെയുണ്ടാകും. അത്താഴവിരുന്നുമുണ്ട്.' രാജീവ് വ്യക്തമാക്കി. ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്ര സർക്കാരാണെന്നും രാജീവ് കൂട്ടിച്ചേർത്തു.

2023 ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ വെച്ച് നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ടൂർണമെന്റ് ശ്രീലങ്കയിലും പാക്കിസ്ഥാനിലുമായി നടത്താൻ തീരുമാനിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയിലാണ് മത്സരങ്ങൾ മിക്കവയും നടക്കുന്നത്. എന്നാൽ മഴയുടെ ഭീഷണിയുള്ളതിനാൽ വേദി മാറ്റിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മീറ്റിങ്ങിൽ ചർച്ച ചെയ്തേക്കും.