ന്യൂഡൽഹി: റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം പരന്നതോടെ വിമർശനവുമായി 'ഇന്ത്യ' മുന്നണി നേതാക്കൾ. രാജ്യം 140 കോടി ജനങ്ങളുടേതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന് ഭാരത് എന്ന് പേര് നൽകിയാൽ രാജ്യത്തിന്റെ പേര് ബിജെപി എന്നാക്കി മാറ്റുമോയെന്നും കെജ്‌രിവാൾ ചോദിച്ചു.

രാജ്യത്തിന്റെ പേരുമാറ്റം സംബന്ധിച്ച് തനിക്ക് ഔദ്യോഗിക വിവരമൊന്നുമില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സഖ്യം രൂപീകരിച്ച് ഇന്ത്യ എന്ന് പേരിട്ടതുകൊണ്ട് മാത്രം കേന്ദ്രം രാജ്യത്തിന്റെ പേര് മാറ്റുമോ? രാജ്യം 140 കോടി ജനങ്ങളുടേതാണ്. ഒരു പാർട്ടിയുടേതല്ല. സഖ്യത്തിന്റെ പേര് ഭാരത് എന്നാക്കിയാൽ, അവർ ഭാരതത്തിന്റെ പേര് ബിജെപി എന്ന് മാറ്റുമോ എന്നും കെജ്‌രിവാൾ ചോദിച്ചു.

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വരുമെന്ന സൂചനകളാണ് രാവിലെ മുതൽ പുറത്തുവരുന്നത്. ജി 20 ഉച്ചകോടിക്ക് രാഷ്ട്രപതി നൽകിയ ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതോടെയാണ് അഭ്യൂഹം ശക്തമായത്. ഔദ്യോഗിക രേഖകളിൽ നിന്ന് ഇന്ത്യ ഒഴിവാക്കാനാണ് സർക്കാർ ശ്രമമെന്നാണ് വിമർശനം.

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാരെന്നാണ് സൂചന. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് എന്നത് പാസ്‌പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുമെന്നാണ് അഭ്യൂഹം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരായ നീക്കമെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. ആർക്കും രാജ്യത്തിന്റെ പേര് മാറ്റാൻ അധികാരമില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.

ഫാസിസ്റ്റ് ബിജെപി ഭരണത്തെ താഴെയിറക്കാൻ ബിജെപി ഇതര ശക്തികൾ ഒന്നിക്കുകയും അവരുടെ സഖ്യത്തിന് ഇന്ത്യ എന്ന് പേര് നൽകുകയും ചെയ്തതിന് ശേഷമാണ് 'ഇന്ത്യ'യെ 'ഭാരത്' എന്നാക്കി മാറ്റാൻ ബിജെപി ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. ഇന്ത്യയെ പരിവർത്തനം ചെയ്യുമെന്ന് ബിജെപി വാഗ്ദാനം ചെയ്തു. എന്നാൽ 9 വർഷത്തിന് ആകെ ലഭിച്ചത് പേരുമാറ്റം മാത്രമാണെന്ന് സ്റ്റാലിൻ സാമൂഹ്യ മാധ്യമമായ എക്‌സിൽ കുറിച്ചു.