ചെന്നൈ: സനാതന ധർമവുമായി ബന്ധപ്പെട്ട തന്റെ പരാമർശം വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതെന്നു പറഞ്ഞ് ബിജെപി നേതാക്കൾ വളച്ചൊടിച്ചെന്ന് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ഭരണപരാജയം മറച്ചുവെക്കാൻ മോദിയും കൂട്ടരും തന്റെ പ്രസ്താവന വളച്ചൊടിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണ്, കുപ്രചാരണത്തിന്റെ പേരിൽ കളത്തിലിറങ്ങിയ സ്വേച്ഛാധിപതികളെ വീടുകളിലേക്കയക്കുന്ന കാലം വിദൂരമല്ലെന്നും ഉദയനിധി വ്യക്തമാക്കി.

തനിക്കെതിരെ എടുത്ത എല്ലാ കേസുകളും നിയമപരമായി നേരിടുമെന്നും ഉദയനിധി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉദയനിധി വിശദീകരണ കുറിപ്പിൽ നടത്തിയിരിക്കുന്നത്. 'മണിപ്പൂരിനെക്കുറിച്ച് ചോദ്യങ്ങൾ നേരിടേണ്ടിവരുമെന്ന് ഭയന്ന് മോദി തന്റെ സുഹൃത്ത് അദാനിയോടൊപ്പം ലോകമെമ്പാടും സഞ്ചരിക്കുന്നു. ജനങ്ങളുടെ അജ്ഞതയാണ് അവരുടെ രാഷ്ട്രീയ നാടകത്തിന്റെ മൂലധനം', ഉദയനിധി കൂട്ടിച്ചേർത്തു.

'കഴിഞ്ഞ ഒമ്പത് വർഷമായി ബിജെപി പൊള്ളയായ വാഗ്ദാനങ്ങളാണ് നടത്തിയിരുന്നത്. ഞങ്ങളുടെ ക്ഷേമത്തിനായി നിങ്ങൾ യഥാർത്ഥത്തിൽ എന്താണ് ചെയ്തതെന്ന് ഫാസിസ്റ്റ് ബിജെപി സർക്കാരിനെതിരെ രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ ഇപ്പോൾ ചോദ്യം ഉയർത്തുകയാണ്. ഈ പശ്ചാത്തലത്തിലാണ് എന്റെ പ്രസംഗം വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതെന്നു പറഞ്ഞ് ബിജെപി നേതാക്കൾ വളച്ചൊടിച്ചത്. അത് സ്വയരക്ഷയ്ക്കുള്ള ആയുധമായി അവർ കണ്ടു', ഉദയനിധി പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്രമന്ത്രി അമിത് ഷായേയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും പോലെയുള്ളവർ വ്യാജവാർത്തയുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നു എന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ന്യായമായും, മാന്യമായ സ്ഥാനങ്ങൾ വഹിക്കുമ്പോൾ അപവാദം പ്രചരിപ്പിച്ചതിന് അവർക്കെതിരെ ക്രിമിനൽ കേസുകളും മറ്റ് കോടതി നടപടികളും ഫയൽ ചെയ്യേണ്ടത് ഞാനായിരിക്കണം. പക്ഷേ, ഇത് അവരുടെ അതിജീവന മാർഗമാണെന്ന് എനിക്കറിയാം. അവർക്ക് എങ്ങനെ അതിജീവിക്കണമെന്ന് അറിയില്ല, അതിനാൽ ഞാൻ അങ്ങനെ ചെയ്യേണ്ടെന്ന് തീരുമാനിച്ചു', ഉദയനിധി പറഞ്ഞു.

തങ്ങൾ ഒരു മതത്തിന്റെയും ശത്രുക്കളല്ലെന്ന് എല്ലാവർക്കും അറിയാം. ഇന്നും പ്രസക്തമായി നിലനിൽക്കുന്ന മതങ്ങളെക്കുറിച്ചുള്ള അണ്ണാദുരൈയുടെ അഭിപ്രായം ഉദ്ധരിക്കാൻ താൻ ആഗ്രഹിക്കുന്നു. 'ഒരു മതം ആളുകളെ സമത്വത്തിലേക്ക് നയിക്കുകയും അവരെ സാഹോദര്യം പഠിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ, ഞാനും ഒരു ആത്മീയവാദിയാണ്. എന്നാൽ, ഒരു മതം ജാതിയുടെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുകയാണെങ്കിൽ, തൊട്ടുകൂടായ്മയും അടിമത്തവുമാണ് പഠിപ്പിക്കുന്നതെങ്കിൽ മതത്തെ എതിർക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും', അണ്ണാദുരൈയെ ഉദ്ധരിച്ചുകൊണ്ട് ഉദയനിധി പ്രസ്താവനയിൽ കുറിച്ചു.

പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാൻ മോദിയും കൂട്ടരും അപവാദ പ്രചാരണങ്ങളെ മാത്രം ആശ്രയിക്കുകയാണ്. ഒരുവശത്ത് തനിക്ക് അവരോട് സഹതാപം മാത്രമേയുള്ളൂ. കഴിഞ്ഞ ഒമ്പത് വർഷത്തിൽ മോദി ഒന്നും ചെയ്തിട്ടില്ല. ഇടയ്ക്കിടെ നോട്ട് നിരോധിക്കുന്നു, കുടിൽ മറയ്ക്കാൻ മതിൽ കെട്ടുന്നു, പുതിയ പാർലമെന്ററി മന്ദിരം പണിയുന്നു, അവിടെ ഒരു ചെങ്കോൽ സ്ഥാപിക്കുന്നു, രാജ്യത്തിന്റെ പേര് മാറ്റുന്നു- ഇത് മാത്രമാണ് ചെയ്തത്.