ന്യൂഡൽഹി: സനാതന ധർമം എച്ച്‌ഐവി, കുഷ്ഠം തുടങ്ങിയ രോഗങ്ങൾക്ക് സമാനമാണെന്ന ഡിഎംകെ എംപി എ.രാജയുടെ പരാമർശത്തോട് വിയോജിച്ച് കോൺഗ്രസ്. ഇന്ത്യ മുന്നണി എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

ഡിഎംകെ എംപി എ.രാജ സനാതന ധർമത്തെ എച്ച്ഐവിയോടും കുഷ്ഠരോഗത്തോടും ഉപമിച്ചത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസും ഡിഎംകെയും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ ഭാഗമാണ്.

''ഞങ്ങൾ എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കുന്നു. കോൺഗ്രസ് മാത്രമല്ല, ഇന്ത്യ മുന്നണിയിലെ ഓരോ അംഗങ്ങളും എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കുന്നു'' അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകളോട് വിയോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സനാതന ധർമത്തെ മലേറിയ, ഡെങ്കിപ്പനി, കൊറോണ വൈറസ് തുടങ്ങിയ പകർച്ചാവ്യാധികളോട് ഉപമിച്ച തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമായതിനു തൊട്ടുപിന്നാലെയാണ് എ.രാജയുടെ പരാമർശമുണ്ടായത്. സനാതന ധർമം എച്ച്‌ഐവി, കുഷ്ഠം തുടങ്ങിയ രോഗങ്ങൾക്ക് സമാനമാണെന്നായിരുന്നു എ.രാജയുടെ പരാമർശം.