കൊൽക്കത്ത: നിയമസഭാംഗങ്ങളുടെ ശമ്പളത്തിൽ വൻ വർധന പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. എംഎൽഎമാരുടെ മാസ ശമ്പളം 40,000 രൂപ വീതം കൂട്ടും. മുഖ്യമന്ത്രി മമത ബാനർജി നിയമസഭയിലാണ് വർധന പ്രഖ്യാപിച്ചത്. വർധനയ്ക്കു ശേഷം വരുന്ന ശമ്പളം എത്രെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല.

താൻ ദീർഘനാളായി ശമ്പളമൊന്നും വാങ്ങുന്നില്ല എന്നതിനാൽ മുഖ്യമന്ത്രിയുടെ ശമ്പളത്തിൽ വർധനയില്ലെന്ന് മമത ബാനർജി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി തട്ടിച്ചു നോക്കുമ്പോൾ ബംഗാൾ എംഎൽഎമാരുടെ ശമ്പളം തുച്ഛമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാലാണ് ഇപ്പോൾ വർധന വരുത്തുന്നത്. പ്രതിമാസ ശമ്പളം നാൽപ്പതിനായിരം രൂപ വീതമാണ് കൂടുക.