ചെന്നൈ: ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ 'സനാതന ധർമ' പരാമർശത്തിന് മറുപടിയുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ഡിഎംകെയുടെ പൂർണരൂപം 'ഡെങ്കിപ്പനി, മലേറിയ, കൊസു' (ഡിഡെങ്കിപ്പനി, എം-മലേറിയ, കെ-കൊസു) എന്നിങ്ങനെയാണെന്ന് കെ.അണ്ണാമലൈ പറഞ്ഞു. ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ 'സനാതന ധർമ' പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'കൊസു' എന്നാൽ തമിഴിൽ കൊതുക് എന്നർഥം.

തമിഴ്‌നാട്ടിൽ നിന്ന് എന്തെങ്കിലും ഉന്മൂലനം ചെയ്യേണ്ടതുണ്ടെങ്കിൽ അത് ഡിഎംകെയെയാണെന്നും അദ്ദേഹം എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്തെത്തിയതിനെയും അദ്ദേഹം വിമർശിച്ചു. എം.കെ.സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചില നുണകൾ പറഞ്ഞുവെന്ന് അണ്ണാമലൈ ആരോപിച്ചു.

കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഉദയനിധി, സനാതന ധർമത്തെ പകർച്ചാവ്യാധികളായ ഡെങ്കിപ്പനിയുമായും മലേറിയയുമായും ഉപമിച്ചത്. ഇത്തരം കാര്യങ്ങൾ എതിർക്കരുത്, നശിപ്പിക്കുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞിരുന്നു. പിന്നാലെ, ഉദയനിധിക്ക് ഉചിതമായ മറുപടി നൽകാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച സ്റ്റാലിൻ, ഉദയനിധി എന്താണ് സംസാരിച്ചതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തുന്നത് അന്യായമാണെന്ന് പറഞ്ഞിരുന്നു.