ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാഷ്ട്രപതി സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയെ ക്ഷണിക്കാത്തതിന് എതിരെയായിരുന്നു രാഹുലിന്റെ പ്രതിഷേധം.

''രാജ്യത്തെ 60 ശതമാനം ജനങ്ങളുടെയും നേതാവിനെ ബിജെപി അത്താഴവിരുന്നിലേക്ക് പരിഗണിക്കുന്നില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടെന്നാണ് അവരുടെ തീരുമാനം. ഇതിനായി അവരെ പ്രേരിപ്പിച്ചതെന്താണെന്ന് ജനങ്ങൾ ചിന്തിക്കണം'' ബ്രസൽസിൽ മാധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധി പറഞ്ഞു. മൂന്നു ദിവസത്തെ യൂറോപ്യൻ പര്യടനത്തിലാണ് രാഹുൽ. നിയമവിദഗ്ദ്ധർ ഉൾപ്പെടെയുള്ളവരുമായി രാഹുൽ സംവദിക്കും.

ജി20 ഉച്ചകോടിക്ക് മുന്നോടിയായുള്ള അത്താഴവിരുന്നിലേക്ക് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ഒരു നേതാവിനും ക്ഷണമില്ലെന്നാണ് റിപ്പോർട്ട്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ട്. മുൻ പ്രധാനമന്ത്രിമാരായ ഡോ.മന്മോഹൻ സിങ്, എച്ച്.ഡി.ദേവെഗൗഡ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ജി20 സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടു മുൻപായി ന്യൂഡൽഹി ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 10 അർധരാത്രി വരെയാണു നിയന്ത്രണം.