പട്‌ന: രാജ്യത്ത് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദമായ സനാതന ധർമ പരാമർശത്തെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യ' മുന്നണി രൂപീകരണത്തോടെ പരിഭ്രാന്തിയിലായ ബിജെപി രാജ്യത്ത് ഇല്ലാത്ത പ്രശ്‌നങ്ങൾ ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

രാമനായാലും റഹിമായാലും ദൈവം ഒന്നേയുള്ളു. രാജ്യത്തിന്റെ പേരുമാറ്റാനുള്ള നീക്കങ്ങളും ബിജെപിയുടെ പരിഭ്രമത്തിന്റെ തെളിവാണെന്നു ലാലു പറഞ്ഞു. സനാതന ധർമ വിവാദത്തെ കുറിച്ചു മുഖ്യമന്ത്രി നിതീഷ് കുമാറും ലാലു യാദവും പ്രതികരിക്കുന്നില്ലെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച, ചെന്നൈയിൽ പ്രോഗ്രസീവ് റൈറ്റേഴ്‌സിന്റെ പരിപാടിയിലായിരുന്നു ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശവുമായി രംഗത്തുവന്നത്. സനാതന ധർമം മലേറിയയും ഡെങ്കിയും പോലെയാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു പ്രസ്താവന.