ലക്നൗ: ബൈബിളോ മറ്റേതെങ്കിലും മതഗ്രന്ഥമോ വിതരണം ചെയ്യുന്നത് മതംമാറ്റത്തിനുള്ള പ്രലോഭനമായി കണക്കാക്കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി. യുപി മതംമാറ്റ നിരോധ നിയമം അനുസരിച്ചു ശിക്ഷിക്കാവുന്ന കുറ്റമല്ല ഇതെന്ന് കോടതി വ്യക്തമാക്കി.

മതംമാറ്റ നിരോധന നിയമം അനുസരിച്ച്, സംഭവവുമായി ബന്ധമില്ലാത്ത വ്യക്തിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് ചൂണ്ടിക്കാട്ടി. പട്ടിക വിഭാഗത്തിൽപ്പെട്ട ആളുകളെ മതംമാറാൻ പ്രേരിപ്പിച്ചെന്ന കേസിൽ പ്രതികളായ രണ്ടു പേർക്കു ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

ജോസ് പാപ്പച്ചൻ, ഷീജ എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. നേരത്തെ ഇവരുടെ ഹർജി കീഴ്ക്കോടതി തള്ളിയിരുന്നു. പ്രതികൾ പട്ടിക വിഭാഗത്തിൽപ്പെട്ട ആളുകളെ ക്രിസ്തുമതത്തിലേക്കു മാറ്റാൻ ശ്രമം നടത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. ബിജെപി ഭാരവാഹിയുടെ പരാതിയിൽ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

ബൈബിൾ വിതരണം ചെയ്യുന്നതോ വിദ്യാഭ്യാസത്തിനു പ്രോത്സാഹനം നൽകുന്നതോ മതംമാറ്റത്തിനുള്ള പ്രേരണയെന്നു കരുതാനാവില്ല. കലഹിക്കരുതെന്നോ മദ്യപിക്കരുതെന്നോ ജനങ്ങളെ ഉപദേശിക്കുന്നതും നിയമപ്രകാരം കുറ്റകരമല്ലെന്ന് കോടതി പറഞ്ഞു.

യുപി മതംമാറ്റ നിരോധന നിയമപ്രകാരം ബാധിക്കപ്പെട്ടയാൾക്കോ കുടുംബാംഗങ്ങൾക്കോ മാത്രമാണ് പരാതി നൽകാൻ കഴിയുക. ഇതുമായി ബന്ധമില്ലാത്തവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി.