മുംബൈ: സമുദായത്തിന് സംവരണം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിക്കുനേരെ മഞ്ഞൾപൊടി വിതറി സമരക്കാർ. മഹാരാഷ്ട്ര റവന്യുമന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ തലയിലാണു മഞ്ഞൾപൊടി വിതറിയത്. ധാങ്കർ സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സോലാപുർ ജില്ലയിലെ റെസ്റ്റ് ഹൗസിൽ മന്ത്രി, സമുദായാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു സംഭവം. നേതാക്കൾ നൽകിയ നിവേദനം മന്ത്രി നോക്കുന്നതിനിടെ ഒരാൾ പോക്കറ്റിൽ നിന്നെടുത്ത മഞ്ഞൾപ്പൊടി മന്ത്രിയുടെ തലയിൽ വിതറുകയായിരുന്നു. ശേഖർ ബംഗലെ എന്നയാളാണ് മഞ്ഞൾ വിതറിയത്. ഇയാളെ ഉടനെ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സമുദായത്തിന്റെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പ്രതിഷേധിച്ചതെന്നും. സംവരണം നൽകിയില്ലെങ്കിൽ മുഖ്യമന്ത്രിക്കുനേരെ കരിഓയിൽ ഒഴിക്കുമെന്നും ഇയാൾ പറഞ്ഞു. അതേസമയം പ്രതിഷേധക്കാർക്കെതിരെ നടപടിക്ക് നിർദേശിച്ചിട്ടില്ലെന്നും മഞ്ഞൾ വിതറിയത് ആചാരമായാണ് കാണുന്നതെന്നും മന്ത്രി പ്രതികരിച്ചു.