- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജി20 അത്താഴ വിരുന്നിന് ഖാർഗെയ്ക്ക് ക്ഷണമില്ല; ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂവെന്ന് പി ചിദംബരം
ന്യൂഡൽഹി: ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് ലോകനേതാക്കൾക്കായി ഭാരത് മണ്ഡപത്തിലെ ഹാളിൽ പ്രസിഡന്റ് ദ്രൗപതി മുർമു ഒരുക്കുന്ന അത്താഴ വിരുന്നിലേക്ക് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാത്തതിനെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ. രാഹുൽ ഗാന്ധി എംപി, പി ചിദംബരം ഉൾപ്പെടെയുള്ളവർ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂ എന്നാണ് ചിദംബരത്തിന്റെ വിമർശനം.
ലോകനേതാക്കൾക്കുള്ള അത്താഴ വിരുന്നിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത ജനാധിപത്യ രാജ്യമെന്നത് മറ്റെവിടെയും സങ്കൽപ്പിക്കാനാവില്ലെന്ന് ചിദംബരം സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂ. ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതാകുന്ന ഘട്ടത്തിലേക്ക് ഇന്ത്യ, അതായത് ഭാരതം എത്തിയിട്ടില്ലെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് ചിദംബരം കുറിച്ചു.
I cannot imagine any other democratic country's government not inviting the recognised Leader of the Opposition to a state dinner for world leaders
- P. Chidambaram (@PChidambaram_IN) September 9, 2023
This can happen only in countries where there is no Democracy or no Opposition
I hope India, that is Bharat, has not reached a…
ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിന്റെ നേതാവിനെ കേന്ദ്ര സർക്കാർ വിലമതിക്കുന്നില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നതെന്നും എന്തുതരം ചിന്താഗതിയാണെന്നും ജനങ്ങൾ ചിന്തിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. യൂറോപ്യൻ പര്യടനത്തിനിടെ ബ്രസൽസിലാണ് രാഹുലിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് നിർഭാഗ്യകരമാണെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മാനിക്കണം. ഒരു സോഷ്യലിസ്റ്റ് സമൂഹത്തിൽ പ്രതിപക്ഷ നേതാക്കൾക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജി20 ഉച്ചകോടിയുടെ ഉദ്ഘാടന ദിവസമായ ഇന്ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിലെ ഹാളിൽ പ്രസിഡന്റ് ദ്രൗപതി മുർമുവാണ് അത്താഴ വിരുന്ന് ഒരുക്കുന്നത്. മുൻ പ്രധാനമന്ത്രിമാരായ മന്മോഹൻ സിങ്, എച്ച് ഡി ദേവഗൗഡ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർക്ക് ക്ഷണമുണ്ട്. അതേസമയം മുകേഷ് അംബാനി, ഗൗതം അദാനി ഉൾപ്പെടെ 500 വ്യവസായികളെ വിരുന്നിലേക്ക് ക്ഷണിച്ചെന്ന റിപ്പോർട്ട് തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.




