ലാഹോർ: ബോളിവുഡ് നടി കങ്കണ റണാവത്തിനെ രൂക്ഷമായി വിമർശിച്ച് പാക്കിസ്ഥാൻ നടി നൗഷീൻ ഷാ. പാക്കിസ്ഥാനെതിരേയും അവരുടെ സൈന്യത്തിനെതിരേയും കങ്കണ നടത്തുന്ന പരാമർശങ്ങളാണ് നൗഷീനെ ചൊടിപ്പിച്ചത്. താൻ ഇന്ത്യൻ അഭിനേതാക്കളെ കണ്ടിട്ടില്ല. കങ്കണയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. പക്ഷേ കണ്ടുമുട്ടുകയാണെങ്കിൽ മുഖത്തടിക്കുമെന്ന് നൗഷീൻ പറഞ്ഞു.

''പാക്കിസ്ഥാൻ ഭരണകൂടം ജനങ്ങളെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്ന് കങ്കണയ്ക്ക് എങ്ങിനെ അറിയാം. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളെപ്പറ്റിയും ആർമിയെപ്പറ്റിയും അവർക്കെന്തറിയാം? അതൊക്കെ രഹസ്യങ്ങളാണ്. ഈ രാജ്യത്ത് ജീവിക്കുന്ന ഞങ്ങൾക്ക് പോലും അറിയില്ല. പിന്നെ എങ്ങിനെയാണ് കങ്കണയ്ക്ക് വിവരം ലഭിക്കുന്നത്. സ്വന്തം കാര്യം നോക്കിയാൽ പോരേ?

കങ്കണ സുന്ദരിയാണ്, അതിസുന്ദരിയാണ്, മികച്ച അഭിനേത്രിയും. പക്ഷേ മറ്റുള്ള രാജ്യങ്ങളോട് ബഹുമാനം കാണിക്കുന്ന കാര്യത്തിൽ അവർ പിറകിലാണ്. അവരൊരു തീവ്രവാദിയാണ്.'' കങ്കണയ്ക്കെതിരേയുള്ള പരാമർശത്തെ പിന്തുണയ്ച്ചും വിമർശിച്ചും ഒട്ടേറേ പേർ രംഗത്ത് വന്നിട്ടുണ്ട്. കങ്കണയുടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ നൗഷീൻ ഷായ്ക്കെതിരേ പ്രതിഷേധിക്കുകയാണ്.