പ്രയാഗ്‌രാജ്: വിവാഹം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ആർക്കും ഇടപെടാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇരുവരുടെയും സമാധാനപരമായ ജീവിതം തടസ്സപ്പെട്ടാൽ പൊലീസിനെ സമീപിക്കാമെന്നും അവർക്ക് ഉടനടി സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ലിവ് ഇൻ പങ്കാളികളായ യുവതീയുവാക്കൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.

മുസ്‌ലിം യുവതിയും ലിവ് ഇൻ പങ്കാളിയായ ഹിന്ദു യുവാവുമാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുരേന്ദ്ര സിങ്ങിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. യുവതിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ഉപദ്രവിക്കുന്നു എന്നായിരുന്നു പരാതി. ഹർജിക്കാരുടെ സമാധാനപരമായ ജീവിതം തടസ്സപ്പെടുത്തി കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന് ഹർജിയിൽ ആരോപിച്ചു. ഓഗസ്റ്റ് നാലിന് ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മീഷണറോട് യുവതി സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് യുവതീ യുവാക്കൾ കോടതിയെ സമീപിച്ചത്.

തങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നതിൽ നിന്ന് കുടുംബത്തെ തടയണമെന്ന ആവശ്യവുമായാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഇവർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഹർജിക്കാർ വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരാണെന്നും മുസ്‌ലിം വ്യക്തിനിയമ പ്രകാരം ലിവ് ഇൻ ബന്ധം ശിക്ഷാർഹമാണെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.

ലിവ് ഇൻ ബന്ധത്തിലുള്ളവർക്ക് പൊലീസ് സംരക്ഷണം നിഷേധിച്ചുകൊണ്ട് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് പുറപ്പെടുവിച്ച മുൻ ഉത്തരവ് അഭിഭാഷകൻ ഉദ്ധരിച്ചു. എന്നാൽ അത് ആ കേസിൽ മാത്രമാണെന്നും എല്ലാ കേസുകൾക്കും ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. പങ്കാളിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, ആർട്ടിക്കിൾ 19, 21 പ്രകാരം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും പെടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.