ബെംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി - ജെഡിഎസ് സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ യാതൊരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്ന് ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയുമായി ജെഡിഎസ് സഖ്യം ചേരുമെന്നും നാലു സീറ്റിൽ ജെഡിസ് മത്സരിക്കുമെന്നും ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തെ തള്ളി കുമാരസ്വാമി രംഗത്തെത്തിയത്.

സഖ്യമുണ്ടാകുമെന്ന കാര്യം കുമാരസ്വാമി സ്ഥിരീകരിച്ചെങ്കിലും സീറ്റുകൾ സംബന്ധിച്ച് ധാരണയായെന്ന യെദിയൂരപ്പയുടെ പ്രസ്തവാന വ്യക്തിപരമാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.
യെദിയൂരപ്പ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. രണ്ടോ മൂന്നോ തവണ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നത് ശരിയാണ്. സീറ്റ് വിഭജനത്തിലോ മറ്റു വിഷയങ്ങളിലോ ചർച്ച നടന്നിട്ടില്ല. എന്താണ് സംഭവിക്കുകയെന്ന് കണ്ടറിയാം.

ബിജെപിയുമായി ചേർന്നുകൊണ്ട് തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുമ്പാകെ പോകാനുള്ള ചർച്ച നടക്കുന്നുണ്ട്. ഇപ്പോഴത്തെ കർണാടകയിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. അവർക്ക് ഒരു ബദൽ ആവശ്യമാണ്. 2006ൽ ബിജെപിയുമായി സഖ്യമുണ്ടാക്കി. അന്ന് മുഖ്യമന്ത്രിയായി 20മാസം പ്രവർത്തിച്ചതിലൂടെയാണ് തനിക്ക് സൽപേര് ലഭിച്ചത്-കുമാരസ്വാമി പറഞ്ഞു.

ലോക് സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ജെഡിഎസും ബിജെപിയും സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയും കേന്ദ്ര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എന്നിവർ ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സഖ്യം സംബന്ധിച്ച യെദിയൂരപ്പയുടെ സ്ഥിരീകരണം വരുന്നത്. ജെഡിഎസ് നാലു സീറ്റിൽ മത്സരിക്കുമെന്നും ബാക്കിയുള്ള 24 സീറ്റുകളിൽ ബിജെപി മത്സരിക്കുമെന്നുമായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം.