ന്യൂഡൽഹി: രാജ്യത്തെ യാഥാർഥ്യം ജി 20 ഉച്ചകോടിക്കെത്തിയ അതിഥികളിൽനിന്ന് മറച്ചുവെക്കേണ്ടതില്ലെന്ന് രാഹുൽഗാന്ധി എംപി. നമ്മുടെ ദരിദ്രജനങ്ങളേയും മൃഗങ്ങളേയും കേന്ദ്രസർക്കാർ ഒളിപ്പിച്ചുവെക്കുകയാണെന്ന് എക്സിൽ (ട്വിറ്റർ) രാഹുൽഗാന്ധി ആരോപിച്ചു. രാജ്യതലസ്ഥാനത്ത് ജി20 ഉച്ചകോടിക്ക് മുന്നോടിയായി ദരിദ്രർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളും മറ്റും മറച്ചതിനെതിരെയായിരുന്നു രാഹുലിന്റെ വിമർശനം.

ജി20 ഉച്ചകോടി നടക്കുന്ന ഡൽഹിയിലെ വസന്തവിഹാറിൽ ചേരി കാഴ്ചയിൽനിന്ന് മറച്ചതിന്റെ വീഡിയോ കോൺഗ്രസ് ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുലിന്റെ ആരോപണം. 'എന്തിനാണ് പാവപ്പെട്ടവരെ മറച്ചുപിടിക്കുന്നത്, പി.എം. മോദി' എന്ന ചോദ്യവുമായുള്ള പോസ്റ്ററും പാർട്ടി പങ്കുവെച്ചിരുന്നു.

തെരുവുനായ്ക്കളെ കഴുത്തിനു പിടിച്ച് വലിച്ചിഴച്ച് മാറ്റുന്നതിന്റെ വീഡിയോ പങ്കുവെച്ചും കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. തെരുവുനായ്ക്കൾക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. നായ്ക്കളെ നാടുകടത്തിയതിനെതിരെ എൻ.ജി.ഒകളടക്കം രംഗത്തെത്തിയിരുന്നു.