റായ്പുർ: കളിപ്പാട്ടം ആവശ്യപ്പെട്ട മൂന്നുവയസ്സുള്ള മകനെ മദ്യലഹരിയിൽ പിതാവ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. ഛത്തീസ്‌ഗഢിലെ കോർബ ബാൽകോ നഗർ സ്വദേശിയായ അമർ സിങ് മാഞ്ചി(38)യാണ് മകൻ പവനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പ്രതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു ദാരുണമായ സംഭവം. മദ്യലഹരിയിലാണ് അമർ സിങ് മാഞ്ചി രാത്രി വീട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ മൂന്നുവയസ്സുള്ള മകൻ അച്ഛനുമായി കളിക്കാൻ തുടങ്ങി. ഇതിനിടെയാണ് മകൻ കളിപ്പാട്ടങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടത്.

മകന്റെ ആവശ്യം പിതാവ് ആദ്യംതന്നെ നിരസിച്ചെങ്കിലും കുട്ടി നിരന്തരം ഇതേകാര്യം ചോദിക്കുകയായിരുന്നു. ഇതോടെയാണ് മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

അതിമാരകമായി മുറിവേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ബഹളംകേട്ട് കുടുംബാംഗങ്ങൾ എത്തിയപ്പോഴേക്കും പ്രതി സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. സംഭവം കണ്ട് നടുങ്ങിയ പ്രതിയുടെ മറ്റൊരു മകനാണ് 112-ൽ വിളിച്ച് പൊലീസ് സഹായം തേടിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.