കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) രാഷ്ട്രീയ ജനതാദളിൽ (ആർ.ജെ.ഡി.) ലയിക്കാൻ കോഴിക്കോട് ചേർന്ന എൽ.ജെ.ഡി. സംസ്ഥാന കൗൺസിൽ യോഗം ഏകകണ്‌ഠേന തീരുമാനിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കഴിഞ്ഞ ഒമ്പതു വർഷമായി തുടർന്നു വരുന്ന ജനാധിപത്യവിരുദ്ധവും മതേതരത്വവിരുദ്ധവുമായ നിലപാടുകൾ രാജ്യത്തിന്റെ ഐക്യവും ഭരണഘടനാമൂല്യങ്ങളും തകർത്തിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

രാജ്യത്തെ വർഗീയമായി തരംതിരിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് മുന്നോട്ട് പോകുന്ന മോദി സർക്കാറിന്റെ നിലപാടിന് ശക്തമായ ചെറുത്തുനിൽപ്പ് നടത്തുന്ന ആർ.ജെ.ഡി. ദേശീയ രാഷ്ട്രീയത്തിൽ വർഗീയതയോട് ഒരിക്കൽപോലും സന്ധി ചെയ്യാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ്.

രാജ്യത്ത് ഉടലെടുത്ത വിശാല പ്രതിപക്ഷ ഐകൃനിരയായ ഭഇന്ത്യ'യുടെ രൂപവൽകരണത്തിന് നേതൃത്വപരമായ പങ്കുവഹിച്ച രാഷ്ട്രീയ ജനതാദളിന് ദേശീയ രാഷ്ട്രീയത്തിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് ആർ.ജെ.ഡി.യിൽ ലയിക്കാനുള്ള തീരുമാനമെടുത്തതെന്ന് നേതൃത്വം അറിയിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ അംഗീകരിക്കുന്നു.

എൽ.ഡി.എഫിനുണ്ടായ പരാജയം വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ വരുത്തണം. പാർട്ടിക്ക് അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭ്യമാക്കാൻ എൽ.ഡി.എഫിനോട് ആവശ്യപ്പെടാനും കൗൺസിൽ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു.