മുംബൈ: ഭർത്താവ് യുസ്‌വേന്ദ്ര ചെഹലുമൊത്ത് സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ധനശ്രീ വർമ. 'റിയൽ സ്‌പൈസ് ഗാങ്' എന്നാണ് ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾക്ക് ധനശ്രീ നൽകിയ ക്യാപ്ഷൻ.

ഏഷ്യാകപ്പിനും ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യൻ ടീമുകളിൽ ചെഹലിന് ബിസിസിഐ അവസരം നൽകിയിരുന്നില്ല. മികച്ച ഫോമിലുള്ള സ്പിന്നർ കുൽദീപ് യാദവ് തിളങ്ങിയതോടെ ചെഹൽ പുറത്താകുകയായിരുന്നു. ദേശീയ ടീമിലേക്കു ശക്തമായി തിരിച്ചെത്തുക ലക്ഷ്യമിട്ട് ഇംഗ്ലണ്ട് കൗണ്ടി ടീം കെന്റിൽ ചേർന്നിരിക്കുകയാണ് ചെഹലിപ്പോൾ.

 
 
 
View this post on Instagram

A post shared by Dhanashree Verma (@dhanashree9)

കെന്റുമായി കരാറിലെത്തിയതിനു പിന്നാലെ ചെഹലിനെ പിന്തുണച്ച് ധനശ്രീ പ്രതികരിച്ചിരുന്നു. ''നിന്നെക്കുറിച്ചോർത്ത് എപ്പോഴും അഭിമാനിക്കുന്നു. നീ ഒരു ഇതിഹാസമാണ്. ഇനിയും മായാജാലങ്ങൾ കാണിക്കുക.'' ധനശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അർഷ്ദീപ് സിങ്ങിനു ശേഷം കെന്റ് ടീമിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണു ചെഹൽ. കെന്റിനായി അഞ്ച് മത്സരങ്ങൾ കളിച്ച അർഷ്ദീപ് 13 വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു.

കെന്റിലെ പ്രധാന താരങ്ങളായ മാറ്റ് പാക്കിൻസൻ, ഹാമി ക്വാദ്രി എന്നിവർക്കു പരുക്കേറ്റതോടെയാണ് സീസണിലെ അവസാന മൂന്നു മത്സരങ്ങൾക്കു വേണ്ടി മാത്രം ചെഹൽ ടീമിനൊപ്പം ചേർന്നത്. ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഇതുവരെ കളിച്ചിട്ടില്ലാത്ത ചെഹൽ, ഫസ്റ്റ് ക്ലാസിൽ 33 മത്സരങ്ങളിൽനിന്നായി 87 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ ഹരിയാനയുടെ താരമാണ്.