ന്യൂഡൽഹി: അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ആഭ്യന്തര വിമാന സർവീസുകൾ നവംബറിൽ തുടങ്ങും. 'മര്യാദ പുരുഷോത്തം ശ്രീരാം ഇന്റർനാഷണൽ എയർപോർട്ട്' എന്നാണ് വിമാനത്താവളത്തിന്റെ ഔദ്യോഗികനാമം. ഒക്ടോബറോടെ നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിമാനത്താവളത്തിന്റെ ഡയറക്ടർ വിനോദ് കുമാർ പറഞ്ഞു.

ടെർമിനൽ കെട്ടിടത്തിന്റെ നിർമ്മാണം 25 ശതമാനം പൂർത്തിയാക്കിയതായും കഴിയുന്നത്ര വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള പ്രവർത്തനത്തിലാണ് എയർപോർട്ട് അഥോറിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2,200 മീറ്റർ ദൈർഘ്യമുള്ള റൺവേയുടെ നിർമ്മാണം ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. നിർമ്മാണപ്രവൃത്തിയുടെ രണ്ടാം ഘട്ടത്തിൽ റൺവേയുടെ നീളം 3,125 മീറ്ററായും മൂന്നാം ഘട്ടത്തിൽ 3,750 മീറ്ററായും വർധിപ്പിക്കും. മൂന്നാം ഘട്ടം പൂർത്തിയായ ശേഷമായിരിക്കും ഇവിടെനിന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ ആരംഭിക്കുക.

ഒക്ടോബറിൽ ടെർമിനൽ നിർമ്മാണം പൂർത്തിയാകുന്നതോടെ വിമാനസർവീസുകൾ ആരംഭിക്കാനുള്ള അനുമതി തേടി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ(ഡിജിസിഎ) സമീപിക്കുമെന്നും വിമാനത്താവളത്തിന്റെ പരിശോധനയ്ക്ക് ശേഷം സർവീസുകൾക്കുള്ള അനുമതി ലഭിക്കുമെന്നും വിനോദ് കുമാർ വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിന് 321 കോടി രൂപയാണ് വകയിരുത്തിയത്. രണ്ടും മൂന്നും ഘട്ട നിർമ്മാണത്തിനായി അധികനിക്ഷേപം വേണ്ടിവരും. വിമാനത്താവളത്തിനായി വേണ്ട 821 ഏക്കർ ഭൂമിയിൽ 799 ഏക്കർ സ്ഥലം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ബാക്കി ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ പ്രധാനനഗരങ്ങളിലേക്ക് അയോധ്യയിൽ നിന്ന് വിമാനസർവീസുകൾ ഉണ്ടാകും.