ന്യൂഡൽഹി: ജി20 ഉച്ചകോടിക്കിടെ ക്ഷേത്ര സന്ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ഭാര്യ അക്ഷത മൂർത്തിയും. ജി20 ഉച്ചകോടിയുടെ അവസാന ദിവസമായ ഞായറാഴ്ച രാവിലെയാണ് ഋഷി സുനക്, ഭാര്യ അക്ഷത മൂർത്തിക്കൊപ്പം ഡൽഹിയിലെ പ്രശസ്തമായ അക്ഷർധാം സ്വാമി നാരായൺ ക്ഷേത്രത്തിലെത്തിയത്. ഇരുവരും ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് ആരതിയുഴിഞ്ഞു. തുടർന്ന് ക്ഷേത്രം ഭാരവാഹികൾക്കൊപ്പം ഫോട്ടോയുമെടുത്തു. മഴയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.

ബ്രിട്ടന്റെ പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് റിഷി സുനക് ഇന്ത്യയിലെത്തുന്നത്. റിഷി സുനക് അക്ഷർധാം ക്ഷേത്രത്തിൽ എത്തുന്നതിന് മുന്നോടിയായി വലിയ സുരക്ഷയാണ് സ്ഥലത്തൊരുക്കിയത്. ഇന്ത്യയിലെ ചില ക്ഷേത്രങ്ങൾ സന്ദർശിക്കാൻ സമയം കണ്ടെത്തുമെന്ന് റിഷി സുനക് നേരത്തെ പറഞ്ഞിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രിയായതിന് ശേഷം ഋഷി സുനകിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.

ഹിന്ദുവായതിൽ താൻ അഭിമാനിക്കുന്നുവെന്നും അങ്ങനെയാണ് താൻ വളർന്നതെന്നും റിഷി സുനക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുമ്പ് ഇന്ത്യയിലെത്തിയിരുന്നപ്പോൾ സ്ഥിരമായി പോകാറുള്ള ഡൽഹിയിലെ ഏറെ ഇഷ്ടമുള്ള റെസ്റ്റോറന്റുകളിലും ഭാര്യ അക്ഷതക്കൊപ്പം പോകാൻ ആലോചനയുണ്ടെന്നും റിഷി സുനക് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജി20 ഉച്ചകോടി വലിയ വിജയമാക്കുന്നതിന് എല്ലാവിധ പിന്തുണയും തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരയധികം ആദരവുണ്ടെന്നുമാണ് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം റിഷി സുനക് അഭിപ്രായപ്പെട്ടത്.

വെള്ളിയാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ഭാര്യ അക്ഷത മൂർത്തിക്കൊപ്പം ഡൽഹിയിലെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പത്‌നിക്കും ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തിൽ നൽകിയത്. ഇതിനുശേഷം റിഷി സുനക് ഇന്ത്യയിലെത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. മാനത്തിൽനിന്ന് ഇറങ്ങുന്നതിന് മുമ്പ് റിഷി സുനകിന്റെ ടൈ അക്ഷത മൂർത്തി ശരിയാക്കികൊടുക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.