മുബൈ: മഹാരാഷ്ട്രയിലെ സാത്താറയിൽ സാമൂഹിക മാധ്യമത്തിലെ അധിക്ഷേപകരമായ പോസ്റ്റിനെചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സാത്താറ ജില്ലയിലെ കാതവ് താലൂക്കിലാണ് ഇരു വിഭാഗങ്ങൾ തമ്മിൽ വലിയ രീതിയിലുള്ള സംഘർഷമുണ്ടായത്.

സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടുവെന്നും ഏതാനും പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സാത്താറാ പൊലീസ് അറിയിച്ചു. സംഭവത്തെതുടർന്ന് മുൻകരുതലെന്ന നിലയിൽ മേഖലയിലെ ഇന്റർനെറ്റ് ബന്ധം സാത്താറ ജില്ല ഭരണകൂടം വിച്ഛേദിച്ചു.

പുനെയിൽനിന്ന് 160 കിലോമീറ്ററും സാത്താറ ജില്ല ആസ്ഥാനത്തുനിന്ന് 50 കിലോമീറ്ററും അകലെയായുള്ള പുസെസവാലി ഗ്രാമത്തിലാണ് സംഘർഷമുണ്ടായതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്, ഒരു സമുദായത്തിൽനിന്നുള്ള കുറച്ചു യുവാക്കൾ സാമൂഹിക മാധ്യമങ്ങളിട്ട പോസ്റ്റാണ് ഞായറാഴ്ച രാത്രി 9.30ഓടെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

സംഘർഷത്തിനിടെ നിരവധി വീടുകളാണ് അഗ്‌നികിരയാക്കിയത്. വാഹനങ്ങളും മറ്റു വസ്തുക്കളും അടിച്ചുതകർക്കുകയും ചെയ്തു. പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.

ഗ്രാമത്തിൽ ക്രമസമാധാനം ഉറപ്പുവരുത്താൻ പൊലീസിനെ വിന്യസിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സാത്താറ ജില്ല ഭരണകൂടം അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പ്രത്യേക അറിയിപ്പും പുറത്തിറക്കി. അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും മതസ്പർദയുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ ഇടരുതെന്നും സാത്താറ ജില്ല കലക്ടർ ജിതേന്ദ്ര ദുഡിയും പൊലീസ് സൂപ്രണ്ട് സമീർ ഷെയ്ക്കും പുറത്തിറക്കിയ സംയുക്ത കുറിപ്പിൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.