- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപ്പീൽ നൽകിയത് അയോഗ്യനാക്കപ്പെട്ട അതേ ബഞ്ചിൽ; സുപ്രീംകോടതിയിൽ പോകാൻ സമയം തേടിയ പ്രജ്വൽ രേവണ്ണയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടി
ബെംഗളുരു: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കൂടുതൽ സമയം തേടിയ ജെ ഡി എസ് നേതാവ് പ്രജ്വൽ രേവണ്ണയ്ക്ക് കർണാടക ഹൈക്കോടതിയിൽ തിരിച്ചടി. അപ്പീൽ ഹൈക്കോടതി തള്ളി. ജസ്റ്റിസ് കെ നടരാജന്റെ ബഞ്ചാണ് ജെ ഡി എസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ അപ്പീൽ തള്ളിയത്.
അയോഗ്യനാക്കപ്പെട്ട അതേ ബഞ്ചിൽ തന്നെയാണ് പ്രജ്വൽ അപ്പീൽ നൽകിയത്. സുപ്രീംകോടതിയിൽ പോകാൻ സമയം തേടിക്കൊണ്ടാണ് പ്രജ്വൽ അയോഗ്യനാക്കപ്പെട്ട അതേ ബഞ്ചിൽ തന്നെ അപ്പീൽ നൽകിയത്. സുപ്രീംകോടതിയെ സമീപിക്കാൻ 30 ദിവസം സമയം വേണമെന്നും അത് വരെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് പ്രജ്വൽ ആവശ്യപ്പെട്ടത്. എന്നാൽ ജസ്റ്റിസ് കെ നടരാജന്റെ ബഞ്ച് ഈ ആവശ്യവും അംഗീകരിച്ചില്ല.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ സ്വത്ത് വിവരങ്ങളടക്കം നൽകിയെന്ന് കാട്ടിയുള്ള ഹർജിയിലാണ് പ്രജ്വലിനെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഹാസനിൽ നിന്നുള്ള ജെ ഡി എസ് എം പിയാണ് ജെ ഡി എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും കൂടിയായ പ്രജ്വൽ രേവണ്ണ. കർണാടകയിലെ ജെ ഡി എസിന്റെ ഏക എം പിയായിരുന്ന പ്രജ്വലിനെ ഈ മാസം ഒന്നാം തിയതിയാണ് ഹൈക്കോടതി അയോഗ്യനാക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വകകൾ സംബന്ധിച്ച് വ്യാജ വിവരങ്ങൾ രേഖപ്പെടുത്തിയെന്ന് തെളിഞ്ഞതാണ് ഹൈക്കോടതിയിൽ പ്രജ്വലിന് തിരിച്ചടിയാണ്. പ്രജ്വലിന്റെ എതിർ സ്ഥാനാർത്ഥി എ മഞ്ജു നൽകിയ ഹർജിയിലായിരുന്നു കർണാടക ഹൈക്കോടതി വിധി. പ്രജ്വലിനെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല.
മഞ്ജുവും തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചെന്ന് ബോധ്യമായെന്നും അതുകൊണ്ടുതന്നെ മഞ്ജുവിനെ വിജയിയായി പ്രഖ്യാപിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇരുവരും കൃത്രിമം കാണിക്കാൻ ശ്രമിച്ചതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയല്ലാതെ വേറെ നിർവാഹമില്ലെന്നും കോടതി ചൂണ്ടികാട്ടിയിട്ടുണ്ട്.
പ്രജ്വലിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന മുൻ ബിജെപി അംഗം എ. മഞ്ജുനാഥും മണ്ഡലത്തിലെ വോട്ടറായ ജി. ദേവരാജ ഗൗഡയും 2019 ജൂൺ 26ന് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ സിംഗിൾ ജഡ്ജ് ബെഞ്ചിന്റെ വിധി. പരാതിക്കാരനായ എ. മഞ്ജു നിലവിൽ ഹാസനിലെ അർക്കലഗുഡിൽ നിന്നുള്ള ജെ.ഡി-എസ് എംഎൽഎയാണ്. ഈ മണ്ഡലത്തിൽ നിന്ന് ബിജെപി, കോൺഗ്രസ്, ജെ.ഡി-എസ് ടിക്കറ്റുകളിൽ എംഎൽഎയായെന്ന അപൂർവതയും മഞ്ജുവിനുണ്ട്.
തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന് പ്രജ്വലിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ഹൈക്കോടതി നിർദ്ദേശം നൽകി. പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണ, സഹോദരൻ സൂരജ് രേവണ്ണ എന്നിവർക്കെതിരെയും നടപടിക്ക് നിർദേശമുണ്ട്. ഇതോടെ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രജ്വലിന് പങ്കെടുക്കാനാവില്ല. രാജ്യസഭാംഗമായ എച്ച്.ഡി. ദേവഗൗഡ മാത്രമാകും പാർലമെന്റിൽ ജെ.ഡി-എസ് പ്രതിനിധി. ആറു വർഷത്തേക്ക് പ്രജ്വലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.




