- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതിക്കെതിരെ ബന്ദ് നടത്തി പ്രതിഷേധം; സിദ്ധരാമയ്യ സർക്കാർ പദ്ധതിക്ക് പിന്തുണയുമായി അനിൽ കുംബ്ലെ
ബംഗളൂരു: സിദ്ധരാമയ്യ സർക്കാറിന്റെ ശക്തി പദ്ധതിക്കെതിരെ പ്രതിഷേധം കടുക്കുന്നതിനിടെ പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ അനിൽ കുംബ്ലെ. ബംഗളൂരുവിൽ ഓടുന്ന എല്ലാ സ്വകാര്യ വാണിജ്യ വാഹനങ്ങളും സർവീസ് നിർത്തി ബന്ദ് നടത്തുന്നതിനിടെയാണ് സർക്കാരിനെ പിന്തുണച്ച് അനിൽ കുംബ്ലെ രംഗത്ത് വന്നത്. ബന്ദിനെ തുടർന്ന് നഗരത്തിലെ ചില സ്വകാര്യ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
സ്ത്രീകൾക്ക് സൗജന്യയാത്രയടക്കം തങ്ങൾക്ക് പ്രതിസന്ധിയാണെന്ന് ആരോപിച്ച് ബന്ദ് നടത്തുകയാണ് ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ. ഞായറാഴ്ച അർധ രാത്രി ആരംഭിച്ച ബന്ദ് തിങ്കളാഴ്ച അർധ രാത്രിവരെ നീണ്ടുനിൽക്കും.
BMTC trip back home today from the airport. pic.twitter.com/jUTfHk1HrE
- Anil Kumble (@anilkumble1074) September 11, 2023
സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പ് നൽകുന്ന ശക്തി പദ്ധതി വരുമാനം ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ്, ഓട്ടോ, ടാക്സി യൂണിയനുകൾ ഓല, ഊബർ അടക്കമുള്ള ഓൺലൈൻ ടാക്സികളുടെ പിന്തുണയോടെ ബംഗളുരുവിൽ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതിനിടെ സർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ അനിൽ കുംബ്ലെ. വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്ക് ബിഎംടിസിയുടെ വായുവജ്ര എന്ന എസി ബസ്സിൽ സഞ്ചരിക്കുന്ന ചിത്രമാണ് കുംബ്ലെ പങ്കുവച്ചത്. പോസ്റ്റിന് കീഴെ, സർക്കാർ ബസ്സിൽ സഞ്ചരിച്ച അനിൽ കുംബ്ലെക്ക് അഭിനന്ദനങ്ങളുമായി നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്.
നേരത്തെ, സ്വകാര്യ ഗതാഗത പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ബംഗളൂരു വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പണിമുടക്കിനിടെ നഗരത്തിൽ പലയിടത്തും ടാക്സികൾക്കും ഓട്ടോകൾക്കുമെതിരെ നിരവധി അക്രമസംഭവങ്ങളും ഉണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് ശക്തി പദ്ധതി. മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സർവീസുകൾ ഒരേസമയം ഫ്ലാഗ് ഓഫ് ചെയ്താണ് ഉദ്ഘാടനം നിർവഹിച്ചത്.
പദ്ധതി തങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്ന് സ്വകാര്യ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ പറയുന്നു. പ്രീമിയം അല്ലാത്ത സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതാണ് പദ്ധതി.




