- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിരിയാണിക്ക് രണ്ടാമത് തൈര് ചോദിച്ചതിനെച്ചൊല്ലി തർക്കം, സംഘർഷം; റസ്റ്റോറന്റ് ജീവനക്കാരുടെ മർദനമേറ്റ യുവാവ് മരിച്ചു
ഹൈദരാബാദ്: റസ്റ്റോറന്റിൽ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ടാമത് തൈര് ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ യുവാവ് മരിച്ചു. റസ്റ്റോറന്റ് ജീവനക്കാരുടെ മർദനമേറ്റ യുവാവ് പിന്നീട് പരാതി നൽകാനെത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽ വെച്ച് ഛർദിച്ച് അവശനാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രി ഹൈദരാബാദിലായിരുന്നു സംഭവം.
35 വയസ് പ്രായമുള്ള യുവാവ് ഞായറാഴ്ച രാത്രിയോടെ റസ്റ്റോറന്റിലെത്തി ബിരിയാണി ഓർഡർ ചെയ്തു. മൂന്ന് സുഹൃത്തുക്കളും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ വെയിറ്ററോട് രണ്ടാമതും തൈര് ആവശ്യപ്പെട്ടുവെന്നും ഇതേച്ചൊല്ലി റസ്റ്റോറന്റിലെ ഒരു ജീവനക്കാരനുമായി തർക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. ഇരുവരും പരസ്പരം മർദിച്ചുവെന്നാണ് മനസിലാവുന്നതെന്ന് പൊലീസ് അറിയിച്ചു.
സംഘർഷം പിന്നീട് അടിപിടിയായി മാറി. യുവാവും ഒപ്പമുള്ളവരും, ഹോട്ടൽ ജീവനക്കാരും പരസ്പരം ഏറ്റുമുട്ടി. ഇതോടെ പൊലീസിന് വിവരം ലഭിക്കുകയും പൊലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് ഇടപെട്ട് സംഘർഷം അവസാനിപ്പിച്ചതിന് ശേഷം യുവാക്കളും ഹോട്ടൽ ജീവനക്കാരും പൻജഗുട്ട പൊലീസ് സ്റ്റേഷനിൽ എത്തി. ഹോട്ടൽ ജീവനക്കാർക്കെതിരെ യുവാവും യുവാക്കൾക്കെതിരെ ഹോട്ടൽ ജീവനക്കാരും പൊലീസിൽ പരാതി നൽകി.
പുറമേ കാര്യമായ പരിക്കുകളൊന്നും യുവാവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നെങ്കിലും പൊലീസ് സ്റ്റേഷനിൽ വെച്ച് ഇയാൾ ഛർദിക്കാൻ ആരംഭിച്ചു. ഇതേ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. എന്നാൽ മർദനത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ കാലതാമസം വന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാവൂ എന്ന് അറിയിച്ച പൊലീസ്, കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.




