- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാമക്ഷേത്രത്തിന്റെ പേരിൽ 'ഗോധ്ര പോലെ' സംഭവിച്ചേക്കാം; അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനിരിക്കെ മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ
മുംബൈ: ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനിരിക്കെ, 'ഗോധ്ര പോലെ' സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. ഗൂഢാലോചനയ്ക്കു സാധ്യതയെന്ന ആരോപണമാണ് ഉദ്ധവ് താക്കറെ ഉന്നയിക്കുന്നത്. 'ഗോധ്ര പോലുള്ള' ഗൂഢാലോചനയ്ക്കു സാധ്യതയുണ്ടെന്നാണ് ഉദ്ധവിന്റെ മുന്നറിയിപ്പ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപായി ജനുവരിയിൽ രാമക്ഷേത്രം ഭക്തർക്കു തുറന്നു കൊടുക്കാനിരിക്കെയാണ് ഉദ്ധവിന്റെ പ്രസ്താവന. ''രാമക്ഷേത്രം തുറക്കുന്ന ചടങ്ങിന്റെ പേരിൽ ഗോധ്രയിലേതു പോലുള്ള സംഭവത്തിനു ഗൂഢാലോചന നടക്കുന്നുണ്ട്. ചടങ്ങിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആയിരക്കണക്കിനു ഹിന്ദുക്കൾ പങ്കെടുക്കും. ബസിലും ട്രെയിനും ട്രക്കിലും മറ്റുമായാണ് ഇവരെത്തുക. ഇവർ മടങ്ങിപ്പോകുമ്പോൾ എവിടെവച്ചെങ്കിലും ഗോധ്ര പോലെ സംഭവിച്ചേക്കാം.
അങ്ങനെ സംഭവിക്കാനാണു സാധ്യത. ചില കോളനികളിൽ അവർ ബസിനു തീവച്ചേക്കും. വാഹനങ്ങൾക്കുനേരെ കല്ലുകളെറിയും. കൂട്ടക്കൊലകൾ ഉണ്ടായേക്കും. അങ്ങനെ രാജ്യത്തു വീണ്ടും കലാപത്തീ ഉയരും. ഈ അഗ്‌നിനാളത്തിൽനിന്ന് അവർ രാഷ്ട്രീയത്തിന്റെ അപ്പം ചുട്ടെടുക്കും.'' ശിവസേനാ (യുബിടി) നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ ഉന്നമിട്ടാണ് ഉദ്ധവിന്റെ ആരോപണമെന്നതിനാൽ ശക്തമായ വിമർശനവുമായി നേതാക്കൾ രംഗത്തെത്തി.
രാമക്ഷേത്ര മുന്നേറ്റത്തെ ശിവസേനാ സ്ഥാപകൻ ബാലാസാഹെബ് താക്കറെ ആശിർവദിച്ചിട്ടുണ്ടെന്ന് ഓർമിക്കണമെന്നു മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. ഉദ്ധവിന്റെ പ്രസ്താവനയെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും വിമർശിച്ചു. 2002 ഫെബ്രുവരിയിൽ ഗുജറാത്തിലെ ഗോധ്രയിൽ ട്രെയിൻ കത്തി 59 കർസേവകർ കൊല്ലപ്പെട്ടിരുന്നു. ഗുജറാത്ത് കലാപത്തിനു വഴിമരുന്നിട്ടത് ഈ സംഭവമാണ്.




