ജയ്പൂർ: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിലെ ക്രമസമാധാനം തകർന്നെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാൾ മികച്ചതായാണ് രാജസ്ഥാൻ സർക്കാർ കുറ്റകൃത്യങ്ങളെ നേരിടുന്നത്. യു.പി, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളെക്കാൾ മികച്ച നിലയിലാണ് സംസ്ഥാനത്തെ ക്രമസമാധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ കള്ളം പറഞ്ഞ് ജനങ്ങളിൽ നിന്ന് വോട്ട് നേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ശക്തമായ ശേഷവും പ്രിയങ്ക ഗാന്ധി രാജസ്ഥാൻ സന്ദർശിക്കാതിരുന്നതിനെ കുറിച്ച് ബിജെപി നേരത്തെ ചോദ്യം ഉന്നയിച്ചിരുന്നു. അതേസമയം ഇത്തരം കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ടെങ്കിലും പ്രതികൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ എവിടെ വേണമെങ്കിലും സംഭവിക്കാവുന്നതാണ്.

രാജസ്ഥാനെ മാത്രം കുറ്റപ്പെടുത്തുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളെക്കൂടി പരാമർശിക്കേണ്ടതുണ്ട്. ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കുറ്റകൃത്യത്തിന്റെ നിരക്ക് ഉയർന്നതാണ്. എന്നാൽ ബിജെപി പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിക്കുന്ന രാജസ്ഥാനിലാണെന്നും ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ച് അലമുറയിടുന്ന ബിജെപി നേതാക്കളെ അഞ്ച് വർഷമായി കാണ്മാനില്ലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ അവർ അനാവശ്യ ആരോപണങ്ങൾ ഉയർത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി-20 അത്താഴ വിരുന്നിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാതിരുന്നതിനെയും പൈലറ്റ് വിമർശിച്ചു. ഖാർഗെക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നുവെങ്കിൽ രാജ്യത്ത് ഐക്യമുണ്ടെന്ന് മനസിലാക്കാമായിരുന്നു. ബിജെപിയുടെ തെറ്റായ നയങ്ങൾ യുവാക്കൾ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.