- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിരിയാണിക്കൊപ്പം കൂടുതൽ തൈര് ചോദിച്ചതിന് വാക്കുതർക്കം; സംഘർഷം; റസ്റ്റോറന്റിൽ യുവാവിനെ മർദ്ദിച്ച്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഹൈദരാബാദ്: റസ്റ്റോറന്റിൽ ബിരിയാണിയോടൊപ്പം കൂടുതൽ തൈര് ചോദിച്ചതിന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിനൊപ്പം എത്തിയവരും ഹോട്ടലിലെ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കമാണ് പുറത്തുവന്നത്. ഞായറാഴ്ച രാത്രി ഹൈദരാബാദിലെ പൻജഗുട്ട ക്രോസ് റോഡിലുള്ള മെറിഡിയൻ ബിരിയാണി റസ്റ്റോറന്റിലായിരുന്നു സംഭവം.
30 വയസുകാരനായ ലിയാഖത്ത് എന്നയാളാണ് റസ്റ്റോറന്റിൽ നിന്ന് മർദനമേറ്റ ശേഷം പിന്നീട് മരിച്ചത്. ഇയാളും സുഹൃത്തുക്കളും റസ്റ്റോറന്റിലെത്തിയപ്പോൾ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബിരിയാണി പാർസൽ വാങ്ങിയ സംഘം അതിനൊപ്പം കൂടുതൽ തൈര് ആവശ്യപ്പെട്ടു. ജീവനക്കാർ ഇത് നിരസിച്ചതോടെ വാക്കുതർക്കവും പിന്നാലെ കൈയാങ്കളിയുമായി. ഹോട്ടൽ ജീവനക്കാരെ ലിയാഖത്ത് അസഭ്യം പറഞ്ഞതായാണ് ജീവനക്കാർ ആരോപിക്കുന്നത്. തുടർന്ന് ഇരുവിഭാഗവും ഏറ്റുമുട്ടി.
പൊലീസ് ഇടപെട്ട് കൈയാങ്കളി അവസാനിപ്പിച്ച ശേഷം ലിയാഖത്തും സുഹൃത്തുക്കളും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇവർക്കെതിരെ ഹോട്ടൽ ജീവനക്കാരും പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ സ്റ്റേഷനിൽ വെച്ച് യുവാവ് ഛർദിക്കാൻ ആരംഭിക്കുകയും പിന്നാലെ അവശ നിലയിലാവുകയും ചെയ്തു. നെഞ്ചു വേദനയുണ്ടെന്നും ഇയാൾ ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞു.
തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രണ്ട് വിഭാഗം ആളുകൾ പരസ്പരം ഏറ്റുമുട്ടുന്നതാണ് വീഡിയോയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ശരീരത്തിന് പുറത്ത് ഗുരുതരമായ പരുക്കുകളൊന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്.




