ന്യൂഡൽഹി: വീട്ടിലെ മൺപാത്രങ്ങളും മറ്റും നശിപ്പിച്ച എലിയെ പിടികൂടി വാലിൽ കല്ലുകെട്ടി വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ യുവാവ് നിയമ നടപടികൾ നേരിട്ട സംഭവം നേരത്തെ വാർത്തയായിരുന്നു. എന്നാൽ കനത്ത നാശനഷ്ടം ഉണ്ടാക്കിയ എലികളെ പിടികൂടാൻ നോർത്തേൺ ലഖ്‌നൗ ഡിവിഷൻ ലക്ഷങ്ങൾ ചെലവിട്ട വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ചെറുതായി ഒന്നു പരിശ്രമിക്കണം എന്നതൊഴിച്ചാൽ ഇന്ത്യയിൽ എലിയെ പിടിക്കുന്നത് ഒരു വലിയ കാര്യമായി ആരും എടുത്തേക്കില്ല. എന്നാൽ നോർത്തേൺ റെയിൽവേയുടെ ലഖ്‌നൗ ഡിവിഷൻ എലിയെ പിടിക്കാൻ ചെലവാക്കിയ തുക കേട്ടാൽ ചിലപ്പോൾ ആരുടേയും കണ്ണുതള്ളും. എലി ഒന്നിന് 41,000 രൂപയാണ് ഇവിടെ ചെലവഴിക്കപ്പെട്ടിരിക്കുന്നത്.

എലി ഒന്നിന് 41,000 രൂപ എന്ന കണക്കിൽ 2020 നും 2022 നും ഇടയിൽ 168 എലികളെ പിടിക്കാൻ ലഖ്‌നൗ ഡിവിഷൻ ചെലവഴിച്ചത് 69.5 ലക്ഷം രൂപയാണ്. എലികളെ പിടിക്കാൻ ലഖ്‌നൗ ആസ്ഥാനമായുള്ള എം/എസ് സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷന് 2019 മുതൽ കരാർ നൽകിയിട്ടുണ്ടെന്ന് മറുപടിയിൽ പറയുന്നു. നീമച്ച് ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ഗൗർ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ലഖ്നൗ ഡിവിഷൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ലഖ്‌നൗ ഡിവിഷൻ ഒഴിവാക്കിയ എലികൾ ഉണ്ടാക്കിയ നാശനഷ്ടത്തിന്റെ മൂല്യത്തെക്കുറിച്ച് മറുപടി നൽകിയില്ല. കേടായ സാധനങ്ങളുടെയും ഇനങ്ങളുടെയും വിശദാംശങ്ങൾ ലഭ്യമല്ല. നാശനഷ്ടങ്ങൾ വിലയിരുത്തിയിട്ടില്ല. എന്നായിരുന്നു നൽകിയ മറുപടി.

ഡൽഹി, അംബാല, മൊറാദാബാദ്, ലഖ്‌നൗ, ഫിറോസ്പൂർ എന്നിവയുൾപ്പെടെ അഞ്ച് ഡിവിഷനുകളുള്ള മുഴുവൻ നോർത്തേൺ റെയിൽവേയ്ക്കും എലികളെ പിടിക്കാൻ ചെലവഴിച്ച തുകയുടെ വിവരവും ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലഖ്‌നൗ ഡിവിഷൻ മാത്രമാണ് മറുപടി നൽകിയത്. ഫിറോസ്പൂർ, മൊറാദാബാദ് ഡിവിഷനുകൾ ഒരു മറുപടിയും നൽകാൻ കൂട്ടാക്കിയില്ല.

എന്നാൽ അംബാല, ഡൽഹി ഡിവിഷനുകൾ ചില ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകി. 2020 ഏപ്രിലിനും 2023 മാർച്ചിനും ഇടയിൽ കീടങ്ങൾ, എലികൾ, ഫ്യൂമിഗേഷൻ എന്നിവയ്‌ക്കെതിരായ ചികിത്സയ്ക്കായി 39.3 ലക്ഷം രൂപ ചെലവഴിച്ചതായി അംബാല ഡിവിഷൻ മറുപടി നൽകിയെങ്കിലും ഡിവിഷൻ പ്രത്യേക ചെലവുകളും പിടിക്കപ്പെട്ട എലികളുടെ എണ്ണവും പരാമർശിച്ചിട്ടില്ല.

മറുവശത്ത്, പാസഞ്ചർ ട്രെയിനുകളിൽ കീടങ്ങളെയും എലികളെയും നിയന്ത്രിക്കുന്നതിനുള്ള കരാർ നൽകിയതായി മാത്രമാണ് ഡൽഹി ഡിവിഷൻ കൂടുതൽ വിശദാംശങ്ങൾ ഇല്ലാതെ നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നത്.