ഭോപ്പാൽ: 'ഇന്ത്യ' മുന്നണി ഒക്ടോബർ ആദ്യവാരം മധ്യപ്രദേശിലെ ഭോപ്പാലിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാർട്ടികളുടെ ഐക്യ റാലി വേണ്ടെന്നു വച്ചതായി മുതിർന്ന കോൺഗ്രസ് നേതാവും മുന്മുഖ്യമന്ത്രിയുമായ കമൽനാഥ് അറിയിച്ചു. കോൺഗ്രസ് അധ്യക്ഷനും മുന്നണിയിലെ സഖ്യകക്ഷികളുമായി ചർച്ച നടക്കുകയാണെന്നും വേറെ എവിടെവച്ച് റാലി നടത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലെ അറിയിച്ചു.

എന്നാൽ 'സനാതന ധർമ' വിഷയത്തിൽ അപമാനിതരായ ജനങ്ങൾ രോഷാകുലരാണെന്നു തിരിച്ചറിഞ്ഞ് പ്രതിപക്ഷ മുന്നണി റാലി മാറ്റിവയ്ക്കുകയായിരുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതികരിച്ചു. സനാതന ധർമത്തെ അപമാനിക്കുന്നത് മധ്യപ്രദേശിലെ ജനങ്ങൾ സഹിക്കില്ല.

അവരുടെ വിശ്വാസം ആക്രമിക്കപ്പെട്ടുവെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അത് ഒരു കാരണവശാലും അംഗീകരിക്കില്ല. ജനരോഷം ശക്തമാണെന്നു കണ്ട് റാലി ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യ മുന്നണി നേതൃത്വത്തിനു കരുത്തില്ലെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് ഏഴ് 'ജൻ ആക്രോശ് യാത്ര'കളാണു സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 19-ന് ഗണേശ് ചതുർഥിക്കാണ് യാത്രകൾ ആരംഭിക്കുന്നത്. 15 ദിവസത്തിനുള്ളിൽ ആകെയുള്ള 230 നിയമസഭാ മണ്ഡലങ്ങളിലൂടെ 11,400 കി.മീ.യാണ് നേതാക്കൾ യാത്ര നടത്തുന്നത്.