ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചക്കേസിൽ രാജസ്ഥാൻ പബ്ലിക്ക് സർവിസ് കമീഷൻ അംഗം ബാബുലാൽ കട്ടാര, അനിൽ കുമാർ മീണ എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇരുവരെയും പ്രത്യേക കോടതി മൂന്നുദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ വർഷം ഡിസംബർ 21 മുതൽ 24 വരെ നടത്തിയ സീനിയർ ടീച്ചർ ഗ്രേഡ് കക പരീക്ഷയുടെ പൊതുവിജ്ഞാന ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഇ.ഡി ഏറ്റെടുത്തത്. കട്ടാര ചോദ്യപേപ്പർ ചോർത്തി മീണക്ക് നൽകിയെന്നും ഇയാൾ എട്ടുമുതൽ 10 ലക്ഷം രൂപവരെ ഈടാക്കി ഉദ്യോഗാർഥികൾക്ക് നൽകിയെന്നുമാണ് ആരോപണം.

ജൂൺ അഞ്ചിന് പ്രതികളുമായി ബന്ധപ്പെട്ട 15 കേന്ദ്രങ്ങളിൽ ഇ.ഡി നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇരുവരുടെയും പേരിലുള്ള 3.11 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടുകയും ചെയ്തു.