ന്യൂഡൽഹി: മണിപ്പൂരിൽ നിന്ന് ദ്രുത കർമ്മ സേനയെ ഘട്ടം ഘട്ടമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. നിലവിൽ പത്തു കമ്പനി ദ്രുത കർമ്മ സേനയാണ് മണിപ്പൂരിലുള്ളത്. ഇത് കുറയ്ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംവരണ വിഷയത്തിൽ ആരംഭിച്ച കലാപം പൂർണമായും അവസാനിച്ചിട്ടില്ല.

അതേസമയം മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇംഫാൽ വെസ്റ്റിലെ വീട്ടിൽ നിന്നും ഇന്നലെ അക്രമികൾ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം തലക്ക് വെടിയേറ്റ നിലയിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിങ്‌തെകിൽ നിന്നാണ് കണ്ടെത്തിയത്.

അതിനിടെ ഇംഫാൽ വെസ്റ്റിൽ നിന്ന് അത്യാധുനിക ആയുധങ്ങളുമായി അഞ്ച് പേർ പിടിയിലായി. ഇവരെ മോചിപ്പിക്കാൻ എത്തിയ ജനക്കൂട്ടവും പൊലീസുമായി സംഘർഷമുണ്ടായി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമെന്നാണ് പൊലീസ് അറിയിക്കുന്നത്.